കാസർകോട്:ദേശീയപാത നിർമാണത്തിന്റെ ആദ്യ റീച്ച് ആയ തലപ്പാടി മുതൽ ചെങ്കളവരെയുള്ള പ്രവൃത്തി ഫിനിഷിങ്ങിലേക്ക്. പാലത്തിന്റെ സ്ലാബ് നിർമാണം പൂർത്തിയായി. കൈവരിയും മറ്റു ചില അറ്റകുറ്റപണികളുമാണ് ഇനി പൂർത്തിയാകാനുള്ളത്.
83 ശതമാനം പണിയും പൂർത്തിയായെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയിലെ അധികൃതർ അറിയിച്ചു. മെയ് മാസം വരെ സമയം ഉണ്ടെങ്കിലും മാർച്ച് മാസം തന്നെ നിർമാണം പൂർത്തിയാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കേരള അതിർത്തിയായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത വികസനത്തിലെ ആദ്യ റീച്ചിന് 42 കിലോമീറ്റര്‍ നീളമാണുളളത്.
ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഒറ്റത്തൂണ് മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതും ഈ പാതയിലാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കൺസ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ് രണ്ടാം റീച്ചിന്റെയും മൂന്നാം റീച്ചിന്റെയും നിർമാണ ചുമതല. രണ്ടും 60% പൂർത്തിയായതായി മേഘ കൺസ്ട്രക്ഷൻ അധികൃതർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മെയ് മാസത്തിനുള്ളിൽ തന്നെ പരമാവധി നിര്‍മാണം പൂർത്തിയാക്കും. ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിര്‍മാണം അതിവേഗത്തിൽ മുന്നോട്ട് പോകുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു കരാറുകാരുടെ മുന്നിലുള്ളതും ഇനി ആറുമാസം മാത്രമാണ്.
പൂർത്തീകരിക്കേണ്ട ഔദ്യോഗികമായി അനുവദിച്ച സമയപരിധി സെപ്റ്റംബറിൽ കഴിഞ്ഞെങ്കിലും പിന്നീട് സമയപരിധി 2025 മെയ് വരെ നീട്ടിക്കൊടുത്തിരുന്നു. പാലങ്ങള്‍ അടക്കമുള്ളവയുടെ പണി വേഗത്തിലാക്കുകയാണ് ലക്ഷ്യം. തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട് വരെയുളള 146 കിലോമീറ്റര്‍ ദേശിയപാതയുടെ നിര്‍മാണം 2021 ഒക്ടോബർ, നവംബര്‍ മാസങ്ങളിലായാണ് തുടങ്ങിയത്. പ്രാദേശിക വഴിയുടെ ആവശ്യങ്ങൾ ഏറിയതോടെ അടിപ്പാതകളുടെ എണ്ണം വർധിച്ചു.