കാസര്‍കോട് കടുത്ത മത്സരം; ഇടത്തിനും വലതിനും അഭിമാന പോരാട്ടം - Kasaragod Lok sabha Constituency - KASARAGOD LOK SABHA CONSTITUENCY
വര്‍ഷങ്ങളോളം ഇടതിനെ മാത്രം പിന്തുണച്ച കാസര്‍കോട് മണ്ഡലം തിരികെ പിടിക്കാനായി സിപിഎം അരയും തലയും മുറുക്കിയപ്പോള്‍ നേടിയ മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ ഉണ്ണിത്താനും മണ്ഡലത്തില്‍ പരമാവധി പ്രയത്‌നിച്ചു.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇടത് മുന്നണിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കാസര്‍കോട്. 1989 മുതല്‍ 2019 വരെ ഇടതിനെ പിന്തുണച്ച കാസര്‍കോട് മണ്ഡലം 2019-ല്‍ രാജ് മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുകയായിരുന്നു.
സിറ്റിങ് എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ വീണ്ടും കളത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിക്കുന്നില്ല. എതിരാളിയായ എംവി ബാലകൃഷ്‌ണനുമായി കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്‌ചവെച്ചത്. പരമാവധി വോട്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ യുവ രക്തം എംഎല്‍ അശ്വിനിയും കളം നിറഞ്ഞത്.
76.04 ശതമാനമായിരുന്നു ഇത്തവണ മണ്ഡലത്തില്‍ രേഖപ്പെടുത്തിയ പോളിങ്. താരതമ്യേന കുറഞ്ഞ പോളിങ് ആണെങ്കിലും മണ്ഡലത്തിലെ ഇടത് കോട്ടയായ കല്യാശേരിയിലും പയ്യന്നൂരിലും തൃക്കരിപ്പൂരും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 2019 തെരഞ്ഞെടുപ്പിൽ കാസര്‍കോട്ട് 80.57 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016-ൽ 79 ഉം 2014 ൽ 78 ഉം ശതമാനമായിരുന്നു പോളിങ്.