കാസർകോട്: പൂച്ചക്കാട് പ്രവാസി വ്യവസായി എംസി അബ്‌ദുല്‍ ഗഫൂറിന്‍റെ (55) മരണം കൊലപാതകമെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേർ അറസ്‌റ്റിൽ. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ (38), ഇവരുടെ ഭർത്താവ് ഉബൈസ് (38), പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ (34), മധൂർ സ്വദേശി ആയിഷ (40) എന്നിവരാണ് അറസ്‌റ്റിലായത്. അസ്‌നീഫ, ഷമീനയുടെ സഹായിയാണ്. ആയിഷയാണ് സ്വർണം വിൽക്കാൻ സഹായിച്ചതെന്നാണ് സൂചന. പ്രതികളെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.
സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് മന്ത്രവാദി ഗഫൂറിന്‍റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തി സ്വർണം തട്ടിയെടുത്തു. ഈ സ്വർണം തിരികെ നൽകേണ്ടി വരുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 596 പവൻ സ്വർണമാണ് മന്ത്രവാദ സംഘം തട്ടിയത്. സ്വർണം കൈക്കലാക്കിയ ശേഷം പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അബ്‌ദുല്‍ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികൾ അറസ്റ്റിലായപ്പോൾ. (ETV Bharat) ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. കുറച്ച് സ്വർണം മൂന്നോളം ജ്വല്ലറികളിൽ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വർണ വ്യാപാരികളിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്‌പി കെജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്‌ടർ കെപി ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് ടീമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Accused In Abdul Gafoor Murder Case (ETV Bharat) മരണം 2023 ഏപ്രിൽ 14ന്:2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്‌ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ബന്ധു വീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.
മരിച്ച അബ്‌ദുൽ ഗഫൂർ 12 ബന്ധുക്കളിൽനിന്നും സ്വരൂപിച്ച 596 പവൻ സ്വർണാഭരണവും വീട്ടിൽ നിന്ന് നഷ്‌ടപ്പെട്ടിരുന്നു. പ്രവാസി വ്യവസായിയായ ഗഫൂർ ബന്ധുക്കളിൽനിന്ന് ഇത്രയും സ്വർണം എന്തിന് സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുണ്ടാക്കുന്നതാണെന്നും അന്ന് ഭാരവാഹികൾ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവവുമായി ബന്ധപ്പെട്ട് വീടുമായി ബന്ധം പുലർത്തുന്ന ഒരു സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയിച്ച് അബ്‌ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമിൽ അന്ന് തന്നെ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൂച്ചക്കാട് ജുമാ മസ്‌ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് കാഞ്ഞങ്ങാട് ആർഡിഒയുടെ നേതൃത്വത്തിൽ പോസ്‌റ്റ്‌മോർട്ടം ചെയ്‌തു. ഇതിൽ മരണകാരണം തലയ്ക്ക് പറ്റിയ ക്ഷതമാണെന്നും കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവം രാസപരിശോധനയ്ക്ക് അയച്ചുവെന്നും ഇവർ പറഞ്ഞു.
സംശയിക്കുന്നവരെ പലതവണ ചോദ്യം ചെയ്‌തുവെന്നല്ലാതെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ ആക്ഷൻ കമ്മിറ്റി ഒട്ടേറെ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. 10,000 ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി. ബേക്കൽ പൊലീസ് സ്‌റ്റേഷന് മുമ്പിൽ ധർണയും സമരവും നടത്തി. ജില്ലയിലെത്തിയ മുഖ്യമന്ത്രിയെയും ഡിജിപിയെയും ജില്ലയിലെ ജനപ്രതിനിധികളെയും നേരിൽ കണ്ടു.
ഡിസിആർബി അന്വേഷണം:2023 ഏപ്രിൽ 14ന് നടന്ന കൊലപാതകത്തിൽ ഒടുവിൽ അന്വേഷണം നടത്തിയത് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്‌പി കെജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്‌ടർ കെപി ഷൈൻ്റെയും നേതൃത്വത്തിലായിരുന്നു. ഗഫൂറിന്‍റെ കുടുംബാംഗങ്ങളും കർമസമിതിയും നാട്ടുകാരും ഉൾപ്പെടെ 40 ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.
പിതാവിന്‍റെ മരണത്തിലും, ആഭരണങ്ങൾ കാണാതായതിന് പിന്നിലും ആഭിചാര ക്രിയ നടത്തുന്ന ജിന്നുമ്മയുടെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിൻ്റെ മകൻ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തിയതായി വിവരമുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മന്ത്രവാദവും കൂടോത്രവും:മന്ത്രവാദവും കൂടോത്രം കുഴിച്ചെടുക്കലും മന്ത്രത്തകിട് കെട്ടുന്നതുമൊക്കെ പാതിരാത്രിയിലാണ് നടത്തിവന്നതെന്നും പൊലീസ് കണ്ടെത്തി. ഗൾഫില്‍ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂർ ഹാജിയെ കഴിഞ്ഞ വർഷം റംസാൻ മാസത്തിലെ 25ആം നാള്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റംസാൻ മാസത്തിലെ 25 ആം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നു തന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്‌പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വർണത്തിൻ്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍ നിന്ന് ആകെ 596 പവന്‍ ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, പൊലീസ് പറയുന്ന കഥയിങ്ങനെ
സ്വർണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് അബ്‌ദുൽ ഗഫൂറിൻ്റെ കൈയ്യിൽ നിന്ന് 596 പവൻ സ്വർണം സംഘം തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഘട്ടം ഘട്ടമായി സ്വർണം പ്രതികൾ തങ്ങളുടെ വശത്താക്കി. ഓരോ തവണ സ്വർണം വാങ്ങുമ്പോഴും രണ്ട് മുതൽ ആറുമാസം കൊണ്ട് ഇരട്ടിപ്പിച്ചു തരാം എന്ന് ഇവർ വിശ്വസിപ്പിച്ചു. എന്നാൽ അവസാനം അബ്‌ദുൾ ഗഫൂർ ഹാജി സ്വർണം ആവശ്യപ്പെട്ടപ്പോൾ സംഘം അസ്വസ്ഥതരായി.
ജിന്നുമ്മ എന്നാണ് മാങ്ങാട് സ്വദേശി കെഎച്ച് ഷമീന അറിയപ്പെടുന്നത്. ഇവർ സ്വർണം വെച്ച് മന്ത്രവാദം നടത്തും. മന്ത്രവാദം നടത്തുന്നതിനിടയിൽ ഷമീന ജിന്ന് കൂടിയത് പോലെ 12 വയസുകാരിയായി അഭിനയിക്കും. ഈ സമയത്ത് അവർ പറയുന്നത് ചെയ്യണമെന്നാണ് ചട്ടം. ഇത് അബ്‌ദുൾ ഗഫൂർ അനുസരിക്കുകയും ചെയ്‌തു. സ്വർണം ഒരു കുടത്തിലാക്കി കവർ കൊണ്ട് മൂടി ഒരു മുറിയിൽ അടച്ചിടാൻ പറയും. ഇത് മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ സംഘം കൈക്കലാക്കുന്നതാണ് പതിവ്. ഇങ്ങനെ ആണ് അബ്‌ദുൾ ഗഫൂറിൽ നിന്നും പ്രതികൾ സ്വർണം തട്ടിയത്.
ഷെമീനയെയും ഉബൈസിനെയും അത്രയ്ക്ക് വിശ്വാസമായിരുന്നു അബ്‌ദുൾ ഗഫൂറിന്. അബ്‌ദുൾ ഗഫൂർ ഒറ്റയ്ക്ക് ഉള്ളപ്പോൾ മാത്രമാണ് ഇവർ വീട്ടിലെത്തുന്നത്. സ്വർണം തിരികെ ചോദിച്ച് തുടങ്ങിയപ്പോൾ പ്രതികൾ അസ്വസ്ഥരായി. പിന്നീട് ഗഫൂറിനെ എങ്ങനെയെങ്കിലും വകവരുത്തുകയെന്നതായിരുന്നു പ്രതികളുടെ ആലോചന.
അങ്ങനെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ബന്ധു വീട്ടിലായിരുന്ന ദിവസം അവർ ഗഫൂറിനെ കൊലപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്തു. ഉബൈസ്, അബ്‌ദുൾ ഗഫൂറിനെ ഭിത്തിയിലേക്ക് തള്ളി. ഭിത്തിയിൽ തല ശക്തമായി ഇടിച്ചപ്പോൾ തന്നെ അബ്‌ദുൾ ഗഫൂർ മരിച്ചിരുന്നു. ഇതിനിടയിൽ താഴെ നിന്നും ശബ്‌ദം കേട്ടു. ഉടൻ തന്നെ സംഘം ഗഫൂറിൻ്റെ ശരീരം കട്ടിലിൽ നിന്നും വീണ രീതിയിലേക്ക് മാറ്റി. വീട്ടുകാർ എത്തിയപ്പോൾ ഗഫൂർ കട്ടിലിൽ നിന്നും വീണ് കിടക്കുന്നതാണ് കണ്ടത്. പിന്നീട് തെരച്ചിലിൽ സ്വർണവും കണ്ടെത്താനായില്ല.
സംസ്‌കാര ചടങ്ങിൽ സജിവമായി ഒന്നാം പ്രതി
ഗഫൂറിൻ്റെ സംസ്‌കാര ചടങ്ങിൽ ഒന്നാം പ്രതി ഉബൈസ് പങ്കെടുത്തിരുന്നു. മൃതദേഹം കുളിപ്പിക്കാനും ഉബൈസ് ഉണ്ടായിരുന്നു. മകൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് സമ്മർദം ശക്തമാക്കിയതോടെയാണ് പ്രത്യേക അന്വേഷണസംഘം കേസേറ്റെടുത്തത്.
Also Read:ചുണ്ടേൽ അപകടം; ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം, പ്രതികള്‍ അറസ്റ്റില്‍