എറണാകുളം:കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തലവനായ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച സമയത്താണ് സ്ഥലം മാറ്റം. ഡെപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാറിനെ ഡൽഹി ഹെഡ് ഓഫിസിലേക്കാണ് മാറ്റിയത്. നിലവില്‍ ഡെപ്യൂട്ടി ഡയറക്‌ടർ പി.രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല.
കരുവന്നൂർ കള്ളപ്പണക്കേസിൽ ഇഡി ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിത്തിലായിരുന്നു. കരുവന്നൂരിന് പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്‌ബി കേസ്, ഹൈറിച്ച്, പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവ അന്വേഷിച്ചതും പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ്.
55 പ്രതികളുള്ള കേസിൽ മുൻ മന്ത്രി എസി മൊയ്‌തീന്‍ അടക്കം ചോദ്യം ചെയ്യലിന് വിധേയരായിരുന്നു. സിപിഎം നേതാവും കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവർ കേസില്‍ പ്രതികളാണ്. കേസിൽ സിപിഎമ്മിൻ്റെ അക്കൗണ്ടുകൾ ഇഡി മരവിപ്പിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്‌തിരുന്നു.