കോഴിക്കോട്: രാജ്യം നടുങ്ങിയ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നാടിന് സ്നേഹ സമ്മാനമായി ആശുപത്രി കെട്ടിടം ഒരുങ്ങുന്നു. അപകടം നടന്നയുടൻ ജീവൻ മറന്നുള്ള രക്ഷാപ്രവർത്തനമാണ് അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നത്. രക്ഷാപ്രവർത്തകർ എത്തുന്നതിനു മുൻപേ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി അതിസാഹസികമായായിരുന്നു കരിപ്പൂരിലെ നാട്ടുകാരുടെ പ്രവർത്തനം. എന്നാൽ ഇപ്പോൾ നാട്ടുകാരുടെ അകമഴിഞ്ഞ രക്ഷാപ്രവർത്തനത്തിനുള്ള സ്നേഹ സമർപ്പണമായാണ് കരിപ്പൂർ ചിറയിൽ ഫാമിലി ഹെൽത്ത് സെന്‍ററിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുന്നത്.
കരിപ്പൂർ വിമാനാപകടത്തിന്‍റെ നാലാം വാർഷിക ദിനത്തിലാണ് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം ഒരുങ്ങുന്നത്. മലബാർ ഡെവലപ്മെന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ അപകടത്തിൽ മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതരുടെയും പരുക്ക് പറ്റിയ യാത്രക്കാരുടെയും കൂട്ടായ്‌മയാണ് പുതിയ കെട്ടിടം നിർമ്മിച്ച് നൽകുന്നത്. രണ്ട് നിലകളിലുള്ള ആശുപത്രി കെട്ടിടത്തിന് 60 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. 30 ലക്ഷത്തോളം ചിലവ് വരുന്ന ആദ്യ നിലയുടെ പ്രവർത്തി ആറുമാസത്തിനകം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒന്നാം നിലയുടെ നിർമാണം പൂർത്തിയായതിന് ശേഷമാകും രണ്ടാം നിലയുടെ നിർമാണ പ്രവർത്തി ആരംഭിക്കുക. നാല് കൺസൽട്ടിങ് മുറികൾ, വിശ്രമമുറികൾ, ഫാർമസി, ലാബ്, നേഴ്‌സിങ് റൂം എന്നിവയാണ് ആശുപത്രിയിലെ ആദ്യ നിലയിൽ ഒരുക്കുന്നത്. കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനം ചിറയിൽ ഫാമിലി ഹെൽത്ത് സെന്‍റർ പരിസരത്ത് നടന്ന ചടങ്ങിൽ കൊണ്ടോട്ടി നഗരസഭ ആക്‌ടിങ് ചെയർമാൻ അഷറഫ് മാടൻ ഉദ്ഘാടനം ചെയ്‌തു. എംഡിഎഫ് കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്‌ദുറഹിമാൻ ഇടക്കുനി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ ഷെറീന ഹസീബ്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി കമ്മിറ്റി ചെയർമാൻമാരായ മിനിമോൾ നിദ ഷെഹീർ, മുഹിയുദ്ദീൻ അലി, റംല കോടവണ്ടി, കെ പി ഫിറോസ്, കൗൺസിലർ കെ പി സൽമാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ പി സി സുഗതകുമാരി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിമാന അപകടത്തിൽ പരിക്കുപറ്റിയ യാത്രക്കാരുടെയും മരണമടഞ്ഞവരുടെ ആശ്രിതരുടെയും സംഗമവും നടന്നു.