കോട്ടയം : കാർഗിലിലെ യുദ്ധവിജയത്തിൻ്റെ 25-ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ
കാർഗിലിലെ ധീരസ്‌മരണകൾ ഉയർത്തുന്ന മറ്റൊരു കാർഗിൽ കോട്ടയം ചങ്ങനാശേരിയിലുണ്ട്. ഇത്തിത്താനം ചെമ്പുചിറയിലുള്ള ജങ്‌ഷനാണ് ഇവിടത്തെ കാർഗിൽ. ചെത്തിപ്പുഴ കണ്ണന്ത്രപ്പടി റൂട്ടിലൂടെ പോകുന്ന ബസിൽ കയറിയാൽ ഈ കാർഗിലിൽ വന്നിറങ്ങാം.
ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തിൻ്റെ സ്‌മരണ നിലനിർത്താൻ ഇത്തിത്താനത്തെയും സമീപപ്രദേശങ്ങളിലെയും വിമുക്‌തഭടൻമാർ കാർഗിൽ യുദ്ധത്തിനു ശേഷമാണ് ഒത്തുചേർന്ന് എക്‌സ് സർവീസ് മെൻ അസോസിയേഷൻ എന്ന സംഘടന ഇവിടെ രൂപീകരിക്കുന്നത്. ജങ്‌ഷനിൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. 'കാർഗിൽ വാർ മെമ്മോറിയൽ ബിൽഡിങ്' എന്നാണ് കെട്ടിടത്തിനു പേരിട്ടത്. അങ്ങനെ ജങ്‌ഷനു കാർഗിൽ ജങ്‌ഷനെന്ന പേരും വീണു.
ഇപ്പോൾ എയർഫോഴ്‌സിൽ നിന്നു വിരമിച്ച വികെ അനിൽകുമാർ വെള്ളിക്കര പ്രസിഡൻ്റും പ്രതീഷ് ചന്ദ്രൻ സെക്രട്ടറിയുമാണ്. ആർമിയിൽ നിന്നു വിരമിച്ച മുതിർന്ന അംഗം ജോസഫ് മാമ്പള്ളി പിന്തുണയും മാർഗനിർദേശങ്ങളുമായി നേത്യത്വം നൽകുന്നുണ്ട്. യുദ്ധം നടക്കുന്ന കാലഘട്ടത്തിൽ ഒരു ചായക്കടയും മുറുക്കാൻ കടയുമാണ് ജങ്‌ഷനിൽ ഉണ്ടായിരുന്നത് ചായക്കടയിലിരുന്ന് റേഡിയോയിലൂടെ യുദ്ധത്തിൻ്റെ വാർത്തകൾ കേൾക്കാനും പത്രം വായിക്കാനും ആളുകൾ തടിച്ചുകൂടിയിരുന്ന കാര്യങ്ങൾ മുതിർന്ന നാട്ടുകാരിൽ പലരും ഓർക്കുന്നു. യുദ്ധത്തിൻ്റെ വിജയാരവങ്ങളും ഈ കവലയിൽ അന്ന് മുഴങ്ങി.