കാസർകോട്:കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതി രതീശനും കൂട്ടാളി അബ്‌ദുൽ ജബ്ബാറും പിടിയിലായത് ഒറ്റ ഫോൺ വിളിയിൽ. വോട്ടെണ്ണൽ ദിവസം രതീശൻ ഒരു സുഹൃത്തിനെ വിളിച്ചതാണ് പൊലീസിന് പിടിവള്ളി ആയത്. അത് പിന്തുടർന്ന് പൊലീസ് പോവുകയും കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഈറോഡിലെ ഒരു ലോഡ്‌ജിലാണ് രതീശനും ജബ്ബാറും ഉണ്ടായിരുന്നത്. പൊലീസ് പിടിക്കാതിരിക്കാൻ പഴയ ഫോൺ സ്വിച്ച് ഓഫാക്കി പുതിയ ഫോണും സിം കണക്ഷനും എടുത്തെങ്കിലും ഒടുവിൽ പിടിവീണു. ഒളിവിൽ പോയ ശേഷം സമൂഹമാധ്യമങ്ങളിലൂടെയും വാട്‌സ്‌ആപ്പിലൂടെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും രതീശൻ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നായിരുന്നു പൊലീസിന്‍റെ അന്വേഷണം. എന്നാൽ കഴിഞ്ഞ മാസം 28 മുതൽ രതീശന്‍റെ അതുവരെ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫായി. ഇതോടെ അന്വേഷണവും വഴിമുട്ടുന്ന സാഹചര്യമുണ്ടായി. അതിനിടയിലാണ് പ്രതികളെ പിടികൂടാൻ ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമിനിക്, ആദൂർ ഇൻസ്പെക്‌ടർ പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചത്. അതിനു ശേഷം പൊലീസ് രതീശനുമായി ബന്ധപ്പെട്ട കുറെ പേരുടെ ഫോൺ നമ്പറുകൾ നിരീക്ഷിക്കുകയായിരുന്നു. ഫോൺ മാറ്റിയിട്ടുണ്ടാകുമെന്ന് ഇവർ ഉറപ്പിച്ചു. ഇന്നലെയാണ് പ്രതികളെ തമിഴ്‌നാട്ടിലെ ലോഡ്‌ജിൽ നിന്നും പിടികൂടിയത്.