കണ്ണൂര്‍: ഇരിട്ടി പുഴക്ക് അടിയിലൂടെ പൈപ്പുകള്‍ സ്ഥാപിച്ച് പായം പഞ്ചായത്തില്‍ ജലവിതരണം നടത്താനുള്ള ജല്‍ജീവന്‍ മിഷന്‍ പദ്ധതി (Jal Jeevan Mission Project) മാര്‍ച്ച് മാസം പൂര്‍ത്തീകരിക്കും. പഴശി പദ്ധതിയുടെ ഭാഗമായ പുഴയ്ക്ക് അടിയിലൂടെയാണ് പൈപ്പിടുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പുഴയുടെ അടിത്തട്ടില്‍ കൂടി മുന്നൂറ് മീറ്റര്‍ നീളത്തിലുള്ള രണ്ട് ഹൈ ഡെന്‍സിറ്റി പോളി എത്തലിന്‍ പൈപ്പുകളാണ് സ്ഥാപിക്കുന്നത്.
പായം പഞ്ചായത്തിലേക്ക് വെള്ളം പാഞ്ഞു തുടങ്ങി; പുരോഗമിച്ച് ജല്‍ജീവന്‍ മിഷന്‍ പദ്ധതി - ജല്‍ജീവന്‍ മിഷന്‍ പദ്ധതി
പായം പഞ്ചായത്തില്‍ ജലവിതരണം നടത്താനുള്ള ജല്‍ജീവന്‍ മിഷന്‍ പദ്ധതി മാര്‍ച്ച് മാസം പൂര്‍ത്തീകരിക്കും.
Published : Jan 29, 2024, 8:11 PM IST
ഇരിട്ടി ഹൈസ്‌ക്കൂള്‍ നില കൊള്ളുന്ന കുന്നില്‍ നിര്‍മ്മിച്ച വാട്ടര്‍ ടാങ്കില്‍ നിന്നും ആശുപത്രി - നരിക്കുണ്ടം - നേരമ്പോക്ക് റോഡ് വരെ സ്ഥാപിക്കുന്ന പൈപ്പ് ലൈന്‍ നേരെ പഴശി പുഴ മുറിച്ച് കടന്നാണ് പായം പഞ്ചായത്തിലെത്തുന്നത്. അവിടെ നിന്നും പൈപ്പ് താന്തോട് കവലയിലേക്കും പിന്നീട് വിളമനയില്‍ സ്ഥാപിക്കുന്ന പമ്പിങ് ടാങ്കിലും എത്തിക്കും. ജലവിതരണത്തിനായി രണ്ട് എച്ച്ഡിപിഇ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു പൈപ്പില്‍ കൂടി ജലം ഒഴുക്കുന്നതിന് എന്തെങ്കിലും തടസം വന്നാല്‍ പകരം രണ്ടാമത്തെ പൈപ്പ് സജ്ജമാക്കാനാണ് ഈ സംവിധാനം.
കമ്പ്രസര്‍ ഉപയോഗിച്ച് ജലാശയത്തിനടിയില്‍ കൂടി ചാലുകള്‍ കീറിയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഓരോ മീറ്റര്‍ ഇടവിട്ടും കോണ്‍ക്രീറ്റ് കട്ടകള്‍ പൈപ്പുമായി ഘടിപ്പിച്ചാണ് പ്രവര്‍ത്തനം. പദ്ധതി ആദ്യഘട്ടം പൂര്‍ത്തിയായാല്‍ അയ്യായിരത്തോളം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി പറഞ്ഞു.