കേരളം

kerala

ETV Bharat / state

'വേദനയും നഷ്‌ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല, ചുറ്റും ഇരുട്ട് മാത്രം'; നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കലക്‌ടറുടെ കത്ത്

ഏതു കാര്യവും വിശ്വസിച്ച്‌ ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍, നഷ്‌ടം നികത്താനാകാത്തത് എന്നും കണ്ണൂര്‍ കലക്‌ടര്‍ അരുണ്‍ കെ വിജയന്‍.

KANNUR COLLECTOR ARUN K VIJAYAN  LETTER TO ADM NAVEEN BABU FAMILY  ADM NAVEEN BABU DEATH  നവീന്‍ ബാബുവിന്‍റെ മരണം
Kannur District Collector Arun K Vijayan, Naveen Babu (ETV Bharat)

By ETV Bharat Kerala Team

Published : Oct 18, 2024, 4:35 PM IST

പത്തനംതിട്ട :എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ല കലക്‌ടര്‍ അരുണ്‍ കെ വിജയൻ. കലക്‌ടർ എഴുതിയ കത്ത് പത്തനംതിട്ട സബ്‌കലക്‌ടർ കുടുംബത്തിന് കൈമാറി. യാത്രയയപ്പ് ചടങ്ങിലുണ്ടായ അപ്രതീക്ഷിത സംഭവത്തിന് ശേഷം കലക്‌ടറുടെ ചേംബറില്‍ നവീന്‍ ബാബുവുമായി സംസാരിച്ചുവെന്നും ജില്ല കലക്‌ടര്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പത്തനംതിട്ട സബ് കലക്‌ടര്‍ നവീൻ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ടെത്തി, കണ്ണൂര്‍ കലക്‌ടര്‍ അരുൺ കെ വിജയന്‍റെ കത്ത് കുടുംബത്തിന് കൈമാറുകയായിരുന്നു.

കത്തിന്‍റെ പൂർണ രൂപം :

പ്രിയപ്പെട്ട നവീന്‍റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും പത്തനംതിട്ടയില്‍ നിന്നും തിരിച്ച്‌ കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഇതെഴുതുന്നത്. നവീന്‍റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല.

നവീന്‍റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രമാണ്. മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല.

ഇന്നലെ വരെ എന്‍റെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്‍റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍. ഏതു കാര്യവും വിശ്വസിച്ച്‌ ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍. സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാകാത്ത നഷ്‌ടമാണ് സംഭവിച്ചത്.

ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപോലെ പങ്കുചേരാന്‍ മനസ് വെമ്പുമ്പോഴും, നവീന്‍റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും നഷ്‌ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. എന്‍റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ, ഞാന്‍ വീട്ടിലേക്ക് വരാം.

കലക്‌ടർ അരുണ്‍ കെ വിജയനെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ദിവ്യയുടെ പരാമർശത്തില്‍ കലക്‌ടർക്ക് പങ്കുള്ളതായി പറയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിപാടിയില്‍ ദിവ്യ പങ്കെടുത്തത് എന്തിനാണെന്നും സിപിഎം ജില്ല സെക്രട്ടറി കെപി ഉദയഭാനു ചോദിച്ചു. യോഗത്തില്‍ അത്തരം പരാമർശം നടത്തണമെങ്കില്‍ കലക്‌ടറുടെ അനുവാദം വേണമെന്നും കലക്‌ടർക്കെതിരെ അന്വേഷണം നടത്തി സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും സിപിഎം നേതാവും സിഐടിയു സംസ്ഥാന കൗൺസിൽ അംഗവുമായ മലയാലപ്പുഴ മോഹനനും ആവശ്യപ്പെട്ടിരുന്നു.

Also Read: നവീന്‍ ബാബുവിന്‍റെ മരണം; പിപി ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ABOUT THE AUTHOR

...view details