പത്തനംതിട്ട:എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മക്കളായ നിരുപമയും നിരജ്ജനയും സഹോദരന്‍റെ മകനും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പെണ്‍മക്കളും സഹോദരങ്ങളുടെ മക്കളും ചേര്‍ന്ന് അന്ത്യ കര്‍മ്മങ്ങളും നിര്‍വഹിച്ചു.
റവന്യൂ മന്ത്രി കെ രാജനും സ്ഥലം എംഎല്‍എ യു ജനീഷ് കുമാറും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. റവന്യൂ മന്ത്രി കളക്‌ടറേറ്റിലും വസതിയിലും ആദ്യാവസാനക്കാരനായി ഉണ്ടായിരുന്നു.
പത്തനംതിട്ട കളക്‌ടറേറ്റിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി മൃതദേഹം പത്തിശ്ശേരിയിലെ സ്വവസതിയില്‍ എത്തിച്ചു. കളക്‌ടറേറ്റില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിനാളുകളാണ് നവീന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.
നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി (ETV Bharat) മന്ത്രിമാരായ കെ രാജന്‍, വീണ ജോര്‍ജ് മറ്റ് രാഷ്‌ട്രീയ നേതാക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ കളക്‌ടറേറ്റിലെത്തി. അന്ത്യഞ്ജലി അര്‍പ്പിക്കാനെത്തിയ കളക്‌ടര്‍ ദിവ്യ എസ് അയ്യര്‍ മൃതദേഹത്തിനരികെ നിന്ന് വിതുമ്പിക്കരഞ്ഞു. മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ എഡിഎമ്മിനൊപ്പം ജോലി ചെയ്‌തതിനെ കുറിച്ച് ദിവ്യ എസ് അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെയാണ് പത്തനംതിട്ടയിലെത്തിച്ചത്.
ദിവ്യക്കെതിരെ കേസ്:എഡിഎമ്മിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പൊതുവേദിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്‌തതില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി ദേവദാസാണ് പരാതി നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ജില്ല ഭരണകൂടത്തിന് നോട്ടിസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും രണ്ടാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ 15) എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഡിഎമ്മിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
Also Read:എഡിഎം നവീന്‍റെ മരണം; പി പി ദിവ്യക്ക് വീഴ്‌ച പറ്റിയെന്ന് പി കെ ശ്രീമതി