കോട്ടയം:കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം അഡിഷണൽ സെഷൻസ് കോടതി. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു. കോട്ടയം അഡിഷനൽ സെഷൻസ് ജഡ്‌ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്.
2022 മാർച്ച് 7നാണ് സ്വത്ത് തർക്കത്തിനെ തുടർന്ന് ജോർജ് കുര്യൻ കൊലപാതകം നടത്തിയത്. ശിക്ഷാവിധിയില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. ശിക്ഷയിന്മേൽ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം ഇന്നലെ (ഡിസംബർ 20) പൂർത്തിയാക്കിയിരുന്നു. ജോർജ് കുര്യൻ നിരപരാധിയാണെന്നും പ്രായം പരിഗണിച്ച് ഇളവുകൾ നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
എന്നാൽ ഇതിനെ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈയിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം (ETV Bharat) കേസിൽ 138 സാക്ഷികളെയും 96 രേഖകളും പ്രൊസിക്യൂഷൻ ഹാജരാക്കി. 2022 മാർച്ച് ഏഴിനാണ് ജോർജ് കുര്യൻ സഹോദരനെയും അമ്മാവനേയും വെടിവെച്ചുകൊന്നത്. സ്വത്ത് തർക്കത്തെതുടർന്നായിരുന്നു കൊലപാതകം. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്‍ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ ജോർജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തിയിരുന്നു.
Also Read:അഭിമന്യു കൊലക്കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്നതെന്ത്?; റിപ്പോർട്ട് തേടി ഹൈക്കോടതി