കള്ളക്കൂട്ടികുടി നിവാസികളുടെ ദുരിത യാത്ര (ETV Bharat) ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ കള്ളക്കൂട്ടികുടിയിലേക്കുള്ള പാലത്തിന്‍റെ നിര്‍മാണം ഈ വേനല്‍കാലത്തും സാധ്യമായില്ല. കാലവര്‍ഷമെത്തിയതോടെ ആദിവാസി കുടുംബങ്ങളുടെ പുറം ലോകത്തേക്കുള്ള യാത്ര ഈറ്റ കൊണ്ടുള്ള തൂക്കുപാലത്തിലൂടെയാണ്. സ്ത്രീകളും കുട്ടികളുമൊക്കെ കാട്ടാറിന് കുറുകെ യാത്ര ചെയ്യുന്നത് പറയത്തക്ക ഉറപ്പൊന്നുമില്ലാത്ത ഈ പാലത്തിലൂടെ തന്നെയാണ്.
2018ലെ പ്രളയത്തിലായിരുന്നു കള്ളക്കൂട്ടികുടിയിലെ ആദിവാസി കുടുംബങ്ങള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിച്ചിരുന്ന പാലം ഒഴുകി പോയത്. അന്നുമുതല്‍ മഴക്കാലത്ത് സമാനതകളില്ലാത്ത ദുരിതമാണ് കുടുംബങ്ങള്‍ അനുഭവിക്കുന്നത്. അരിയുള്‍പ്പെടെ അവശ്യവസ്‌തുക്കള്‍ എന്ത് വാങ്ങണമെങ്കിലും പുഴ കടന്ന് ഇക്കരെയെത്തണം. സ്‌കൂള്‍ തുറന്നതോടെ കുട്ടികളും പുഴ കടന്ന് വേണം വിദ്യാലയത്തില്‍ എത്താന്‍.
മഴയത്ത് ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്കൊല്ലാം ഇവരുടെ പുറംലോകത്തേക്കുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്. മഴക്കാലമാരംഭിച്ചതോടെ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ ഇവര്‍ തന്നെ ഈറ്റകൊണ്ടൊരു തൂക്കുപാലം നിര്‍മ്മിച്ചു. പുഴക്ക് അക്കരെയും ഇക്കരെയുമുള്ള രണ്ട് മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ഈ പാലത്തിലൂടെയാണ് അലറി കുതിച്ചൊഴുകുന്ന പുഴക്ക് മുകളിലൂടെയുള്ള മഴക്കാലത്തെ ഇവരുടെ യാത്ര.
2018 മുതല്‍ ഇവര്‍ ഈ ദുരിതം അനുഭവിക്കുന്നു. പുഴ കടന്നിവര്‍ പുറം ലോകത്തേക്ക് യാത്ര ചെയ്യുന്ന റോഡും യാത്ര യോഗ്യമാക്കേണ്ടതായുണ്ട്. പാലത്തിന്‍റെയും റോഡിന്‍റെയുമൊല്ലാം നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചുവെന്ന് കള്ളക്കൂട്ടിയിലെ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ ഈ മഴക്കാലത്തും കാട്ടാറിന് മുകളിലൂടെ ഈറ്റകൊണ്ടുള്ള തൂക്കുപാലത്തിലൂടെ ജീവന്‍ കൈയ്യില്‍ പിടിച്ച് യാത്ര ചെയ്യേണ്ടുന്ന ഗതികേടിലാണ് കുടി നിവാസികള്‍.
ALSO READ:അടുത്ത രണ്ട് ശനിയാഴ്‌ചയും പ്രവൃത്തി ദിനം; അധ്യാപക സംഘടനകളുടെ ഹര്‍ജി പരിഗണിക്കുക ഒരാഴ്‌ചയ്‌ക്ക് ശേഷം