ഇന്നലെ അവര്‍ക്ക് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. പരീക്ഷ നന്നായി എഴുതിയതിന്‍റെ സമാധാനത്തില്‍ അവര്‍ അഞ്ചുപേരും സ്‌കൂളില്‍ നിന്നും പടിയിറങ്ങി. മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ആ മഴ കരിമ്പയ്‌ക്ക്, പനയമ്പാടത്തിന് കണ്ണീര്‍ മഴയാകുമെന്ന് ആപ്പോഴാരും ചിന്തിച്ചിട്ടേ ഉണ്ടാകില്ല.
അവരുടെ ചര്‍ച്ചകളിലൊക്കെയും ഇന്ന് നടക്കാനിരുന്ന ഹിന്ദി പരീക്ഷയായിരുന്നു. വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും പഠിച്ചുതീര്‍ക്കാനുള്ള പാഠഭാഗങ്ങളുമായിരുന്നു. ഇടയ്‌ക്ക് റോഡരികില്‍ കണ്ട കടയില്‍ കയറി മിഠായി വാങ്ങി. പിന്നീടുള്ള നടത്തം മധുരം നുണഞ്ഞുകൊണ്ടായിരുന്നു.
അഞ്ചുപേരും കളിക്കൂട്ടുകാര്‍. റിദ ഫാത്തിമ, നിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, ആയിഷ, പിന്നെ അജ്‌നയും. ആയിഷ മാത്രം മറ്റൊരു ഡിവിഷനില്‍, എന്നിട്ടും അവരെപ്പോഴും ഒന്നിച്ചായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടയ്‌ക്ക് മഴ നിന്നു. റിദയുടെ നനഞ്ഞ കുട വയ്‌ക്കാന്‍ അവളുടെ ബാഗില്‍ ഇടമുണ്ടായിരുന്നില്ല. കുട അജ്‌നയെ ഏല്‍പ്പിച്ചു. പിന്നാലെ തന്‍റെ റൈറ്റിങ് ബോര്‍ഡ് കൂടി റിദ അജ്‌നയെ ഏല്‍പ്പിച്ചു. തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ഏല്‍പ്പിക്കുന്ന അവസാനത്തെ ഓര്‍മയാകും ഇതെന്ന് അജ്‌നയും നിനച്ചുകാണില്ല.
ഇര്‍ഫാനയെ ദന്തഡോക്‌ടറെ കാണിക്കാന്‍ അവളുടെ ഉമ്മ റോഡില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഉമ്മ കാത്തുനില്‍ക്കുന്നത് അഞ്ചുപേരും കാണുകയും ചെയ്‌തു. ഏതാനും കാലടികള്‍ കൂടി മുന്നോട്ടുവച്ചാല്‍ അവര്‍ ഉമ്മയ്‌ക്കരികിലെത്തും. ഇതിനിടയിലാണ് മരണത്തിന്‍റെ ഹോണ്‍ മുഴക്കി ആ ലോറി എത്തിയത്.
സിമന്‍റ് കയറ്റി വന്ന ലോറി, പിന്നില്‍ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട്, നടക്കുകയായിരുന്ന കുട്ടികളുടെ മേല്‍ മറിയുകയായിരുന്നു. നിമിഷ നേരം, എല്ലാം മാറി മറിഞ്ഞു. ഉയര്‍ന്നുപൊങ്ങിയ സിമന്‍റ് കണ്ണുകളെ മറച്ചു. പൊടി അടങ്ങിയതോടെയാണ് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും മനസിലായത്. അപ്പോഴേക്ക് വീടിന്‍റെ, സ്‌കൂളിന്‍റെ, നാടിന്‍റെ പ്രതീക്ഷയായവര്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ ഇര്‍ഫാനയുടെ ഉമ്മയായിരുന്നു.
Also Read: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ച് കയറി അപകടം; നാല് വിദ്യാർഥിനികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറുടേയും ക്ലീനറുടേയും രക്തസാമ്പിൾ പരിശോധനക്ക് - LORRY ACCIDENT MANNARKKAD
കുഴിയിലേക്ക് വീണതിനാല്‍ അജ്‌ന രക്ഷപ്പെട്ടു. അവള്‍ അടുത്തുകണ്ട വീട്ടിലേക്ക് ഓടിക്കയറി. പക്ഷേ എന്നെന്നേക്കുമായി അവളെ തനിച്ചാക്കി അവളുടെ കൂട്ടുകാരികള്‍ പോയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ ആറുമണിയോടെ നാലുപേരുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. കാണാന്‍ അയല്‍ക്കാരും നാട്ടുകാരും കൂട്ടുകാരും ഗുരുക്കന്മാരും എത്തി. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടുകയായിരുന്നു അവരൊക്കെ.
വീട്ടില്‍ നിന്ന് നേരെ തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളിലേക്ക്. രണ്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനം. പൊന്നോമനകളെ കാണാന്‍ ആയിരങ്ങളാണ് ആ ഹാളിലേക്ക് ഒഴുകിയെത്തിയത്. നാടിന്‍റെ വിട ഏറ്റുവാങ്ങി നാലുപേരും ഒന്നിച്ച് കരിമ്പനയ്‌ക്കല്‍ ഹാളില്‍ നിന്നിറങ്ങി. നേരെ തുപ്പനാട് ജുമാ മസ്‌ജിദിലേക്ക്.
മതപരമായ പ്രാര്‍ഥനകള്‍ക്ക് ശേഷം ഖബര്‍സ്ഥാനില്‍ ഒരുക്കിയ ഖബറിടങ്ങിലേക്കും അവര്‍ ഒന്നിച്ച് തന്നെ യാത്രയായി. അടുത്തടുത്തായി ഒരുക്കിയ നാലു ഖബറുകളില്‍, ഒരിക്കലും മരിക്കാത്ത സൗഹൃദത്തിന്‍റെ പ്രതീകമായി ആ കൂട്ടുകാരികള്‍ അന്ത്യവിശ്രമം കൊള്ളും. അവര്‍ക്ക് മേലെ അവരുടെ പേരുകള്‍ കോറിയിട്ട ആ മീസാന്‍ കല്ലുകളും...
Also Read: നോവായി നാലുപെണ്‍കുട്ടികള്‍; പ്രിയ കുരുന്നുകളുടെ വേര്‍പാടില്‍ വിറങ്ങലിച്ച് നാട് - KARIMBA ACCIDENT LATEST