എന്നത്തേയും പോലെ പൊട്ടിച്ചിരികളും കളിതമാശകളും നിറഞ്ഞൊരു സായാഹ്നം, ഉള്ളിലുള്ളത് പിറ്റേ ദിവസം നടക്കാനിരിക്കുന്ന പരീക്ഷയെക്കുറിച്ചുള്ള ചെറിയ ഉത്‌കണ്‌ഠകൾ മാത്രം.. ഡോക്‌ടറെ കാണാൻ പോകാൻ കൂട്ടുകാരിയുടെ ഉമ്മ കാത്തു നിൽക്കുന്നു.. അത്കൊണ്ട് തന്നെ കുറച്ചു വേഗത്തിൽ എത്തണം..
കോരി ചൊരിയുന്ന മഴയത്തു വഴിയിൽവച്ച് വാങ്ങിയ മിഠായിപൊതിയുടെ മധുരവും പങ്കിട്ട് സുഹൃത്തുക്കളോടൊപ്പം നടക്കുമ്പോൾ അജ്‌ന ഒരിക്കലും ചിന്തിച്ചു കാണില്ല, തന്‍റെ ഉറ്റ സുഹൃത്തുക്കളോടൊപ്പമുള്ള അവസാന നിമിഷങ്ങൾ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന്. മുന്നിലേക്ക് പാഞ്ഞു വന്നുകൊണ്ടിരിക്കുന്ന ലോറി അടുത്ത നിമിഷം തന്‍റെ ലോകം കീഴ്മേൽ മറിക്കാൻ പോവുകയാണെന്ന്.
വർഷങ്ങളോളം സന്തോഷവും സങ്കടവും എല്ലാം പങ്കുവച്ചു ഒറ്റ മനസായി നടന്ന തന്‍റെ നാല് സുഹൃത്തുക്കളെയാണ് അജ്‌നക്ക് ഇന്നലെ നടന്ന വാഹനാപകടത്തിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ നഷ്‌ടപ്പെട്ടത്. റിദ ഫാത്തിമ, നിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, ആയിഷ.. നാലുപേരും കളിക്കൂട്ടുകാര്‍. അതിലൊരാള്‍ ബന്ധുവായ കൂടപ്പിറപ്പും.
അപകടം നടക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്ന അജ്‌ന ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. കുഴിയിൽ വീണ അജ്‌ന തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയറുമ്പോള്‍ അവള്‍ ഓർത്തിരിക്കില്ല, തന്‍റെ ഏറ്റവും പ്രിയപ്പെട്ടവർ ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു കഴിഞ്ഞെന്ന്. ചുറ്റിനും ഉയർന്ന പൊടിപടലങ്ങൾ ഒതുങ്ങുമ്പോള്‍ ഉയർന്നു പൊങ്ങിയ ഒടുങ്ങാത്ത നിലവിളികൾ മാത്രമായിരിക്കും അവളുടെ ചെവിയിൽ അലയടിച്ചിരിക്കുക. അപ്രതീക്ഷിതമായി നടന്ന ദുരന്തത്തിൽ നടന്നതെന്താണെന്ന് പോലും മനസിലാക്കാനാകാതെ അവള്‍ നിസഹായയായിപ്പോയിരിക്കണം.