എറണാകുളം മാടവനയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടപ്പോൾ (ETV Bharat) എറണാകുളം: മാടവനയിൽ ദേശീയ പാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. രാവിലെ പത്തേ കാലോടെയായിരുന്നു അപകടം സംഭവിച്ചത്. മറിഞ്ഞ ബസിനടിയില്‍ പെട്ട ഇരുചക്ര വാഹന യാത്രക്കാരനായ ഇടുക്കി സ്വദേശിയായ ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ജിജോയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ ബസ് മാടവന സിഗ്നലിൽ പെട്ടെന്ന് നിർത്തിയതോടെയാണ് ബസ് മറിഞ്ഞത്. പൊടുന്നനെ ബസ് ബ്രേക്ക് ഇട്ടതോടെ പിൻഭാഗം ഉയർന്ന് മറിയുകയായിരുന്നു. സിഗ്നൽ ജംഗ്ഷനിൽ കാത്തിരിക്കുകയായിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്.
നാൽപ്പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് പുറത്ത് എത്തിച്ചു. ഇതിൽ പതിനാല് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ചാറ്റൽ മഴയത്ത് അമിത വേഗതയിലെത്തിയ ബസ് സിഗ്നൽ ജംഗ്ഷനിൽ പെട്ടെന്ന് നിർത്തിയതാണ് ബസ് മറിയാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അരമണിക്കൂറിലധികം നേരം ബസിനടിയിയിൽ ഇരുചക്ര വാഹന യാത്രക്കാരൻ കുടുങ്ങി കിടന്നതാണ് മരണത്തിനിടയാക്കിയത്.
ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് തുടരുകയാണ്. അപകടത്തിൽ പെട്ട ബസ ക്രൈൻ ഉപയോഗിച്ച് റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും തുടരുകയാണ്.