പ്രതിഷേധം കടുപ്പിച്ച് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബം കോഴിക്കോട് :കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബം പ്രതിഷേധത്തില്‍. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലും വരെ മൃതദേഹം തൊടാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ.
ജില്ല കലക്‌ടറുമായി നടത്തിയ രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. പ്രതിഷേധം കടുത്തതോടെ എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്‌റ്റ് ചെയ്യാനുള്ള നടപടികൾ പോലും മുടങ്ങിയിരിക്കുകയാണ്. ഇതൊരു സാധാരണ സംഭവമായി തള്ളിക്കളയാൻ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിടാൻ കഴിയില്ല എന്ന് കലക്‌ടർ പറഞ്ഞു.
അതിസങ്കീർണമായ സാഹചര്യത്തിൽ മാത്രമേ ഉത്തരവിടാൻ കഴിയൂ എന്ന് കലക്‌ടർ പറഞ്ഞതോടെ, ഒരാൾ കൊല്ലപ്പെട്ടതിലും വലിയ സങ്കീർണ്ണത എന്താണെന്ന് പ്രതിഷേധക്കാർ ചോദിച്ചു, ഇതോടെ ചർച്ച വഴിമുട്ടി.
ഇന്നലെ ഉച്ചതിരിഞ്ഞ് മരണപ്പെട്ട എബ്രഹാമിന്‍റെ മൃതദേഹം ഇപ്പോഴും മെഡിക്കൽ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവൻ നഷ്‌ടപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്, ഇത് അനുവദിക്കാൻ സാധിക്കില്ല, ആവശ്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടക്കണം, ഇപ്പോള്‍ ആക്രമണം അഴിച്ചുവിട്ട കാട്ടുപോത്തിനെ പിടിക്കുക, വന്യമൃഗശല്യം തടയുന്നതിന് ഫെൻസിംഗ്, നഷ്‌ടപരിഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് എബ്രഹാമിന്‍റെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇൻക്വസ്‌റ്റ് നടപടികള്‍ക്കോ മറ്റോ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. അതിനിടെ റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. രാഷ്‌ട്രീയ കക്ഷികളുടെ സംയുക്ത ഹർത്താൽ നടക്കുന്ന കക്കയത്തും പ്രതിഷേധം തുടരുകയാണ്.
എബ്രഹാമിന്‍റെ മകൻ, സഹോദരൻ, ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിജു കണ്ണന്തര എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. അതിനിടെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ആർ ആർ ടി ഡോക്‌ടർ അജേഷിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം വയനാട്ടിൽ നിന്ന് കക്കയത്തേക്ക് തിരിച്ചു. ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. സംഘം എത്തിയാൽ തന്നെ അക്രമം നടത്തിയ കാട്ടുപോത്തിനെ എങ്ങിനെ തിരിച്ചറിയും എന്നതും ചോദ്യമാണ്. അതിനു വേണ്ടിയുള്ള തിരച്ചിലിലാണ് വനം വകുപ്പ് വാച്ചർമാർ.
ALSO READ : കക്കയത്തെ കാട്ടുപോത്ത് ആക്രമണം; കൊല്ലപ്പെട്ട എബ്രഹാമിന്‍റെ സംസ്‌കാരം ഇന്ന്, കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഹര്‍ത്താല്‍