പത്തനംതിട്ട:സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു. സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവനാണ് പുരസ്‌കാരം നൽകിയത്.
സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്‌ടികൾ കാലത്തിന് അതീതമാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയ സംഗീതത്തിൽ ആഗ്രഗണ്യനാണ് അദ്ദേഹം. സാംസ്‌കാരിക കേരളത്തിന് നൽകിയിട്ടുള്ള സംഭാവനകൾ, അയ്യപ്പനെ സാക്ഷി നിർത്തി എഴുതിയ അയ്യപ്പ ഗാനങ്ങൾ അയ്യപ്പകാരുണ്യം, ശരണാമയം അയ്യപ്പപ്പൂജ തുടങ്ങിയ സംഗീത ആൽബങ്ങൾ എന്നിവ പരിഗണിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ അനുമോദിക്കുന്നതായും മന്ത്രി അറിയിച്ചു.
സർവ്വമത സാഹോദര്യത്തിനും സർഗ സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനായി ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്നതാണ് ഹരിവരാസനം പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംഗീതത്തിലൂടെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസുകളിൽ പ്രതിഷ്‌ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തിന് പുരസ്‌കാരം നൽകിയത്.
ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
ആതിഥേയ സംസ്‌കാരത്തിൽ ഉന്നതവും ഉദാത്തവുമായ മാതൃക സൃഷ്‌ടിച്ചും നിലവാരം ഉയർത്തിയും തീർഥാടന കാലം പൂർണതയിലേക്ക് കടക്കുകയാണ്. ഭക്തർ കുറ്റവും കുറവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലമാണിത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഇത് സാധ്യമാക്കിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.