പേരുമാറ്റം അനിവാര്യം, സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കും: കെ. സുരേന്ദ്രൻ കോഴിക്കോട് :വയനാട്ടില്‍ എംപി ആയാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താമരശ്ശേരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
വയനാട് എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന സ്ഥലത്തിന്‍റെ പേര് മാറ്റല്‍ ആയിരിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇത് ശരിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് നിലപാടില്‍ ഉറച്ചു നിൽക്കുന്നതായി കെ സുരേന്ദ്രൻ പറഞ്ഞത്.
1984 ല്‍ പ്രമോദ് മഹാജൻ സുല്‍ത്താൻ ബത്തേരിയില്‍ എത്തിയപ്പോള്‍ ഇത് സുല്‍ത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുല്‍ത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന ഇതിനായിരിക്കും. മോദി സർക്കാരിന്‍റെ സഹായത്തോടെ ഇത് നടപ്പിലാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എന്താണ് സുല്‍ത്താൻ ബത്തേരിയുടെ ആവശ്യം. ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുല്‍ത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്
കെ സുരേന്ദ്രൻ അഭിമുഖത്തില്‍ പറയുന്നു.
ഗണപതിവട്ടമെന്ന സ്ഥലത്തിന്‍റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹൈദരാലിയുടെയും ടിപ്പുവിന്‍റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതി വട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താൻ ബത്തേരി ആയി മാറിയത്. ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്‍റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുല്‍ത്താന്‍റെ ആയുധപ്പുര എന്നർത്ഥത്തില്‍ സുല്‍ത്താൻസ് ബാറ്ററി എന്ന പേരിട്ടത്. പിന്നീട് അത് സുൽത്താൻ ബത്തേരി ആകുകയുമായിരുന്നു.
ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉത്തരേന്ത്യയിൽ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ALSO READ :വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കടന്ന സംഭവം; കേസെടുത്ത് പള്ളിക്കൽ പൊലീസ് - V MURALEEDHARAN THREATENED BY GANG