കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സ്ഥാനാര്‍ത്ഥി. 243 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്. നിയമ വിരുദ്ധമായ സംഘം ചേരലും വഴിതടയലും കലാപമുണ്ടാക്കലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലും ഉള്‍പ്പെടെയുള്ള കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്.
പൊതു മുതല്‍ നശിപ്പിക്കല്‍, അസഭ്യം പറയല്‍, അതിക്രമിച്ച് കടക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളും സുരേന്ദ്രനെതിരെയുണ്ട്. ഇവയില്‍ ഭൂരിഭാഗം കേസുകളും 2028, 2019 കാലത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
2004 മുതല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. പട്ടികയിൽ അഖിലേന്ത്യ തലത്തില്‍ മൂന്നാം സ്ഥാനത്തുള്ളതും, സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളതും കെ സുരേന്ദ്രൻ തന്നെയായിരുന്നു. സുരേന്ദ്രനെതിരെ 240 കേസുകൾ ഉള്ളതായാണ് പട്ടികയിൽ സൂചിപ്പിച്ചിരുന്നത്. ഇന്ന് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരപ്രകാരം 3 കേസുകളാണ് പുതുതായി രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്.