എറണാകുളം :രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രൻ. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ടൂറിസ്‌റ്റ് വിസയാണുള്ളതെന്നും വയനാട്ടിന് വേണ്ടി രാഹുൽ ഗാന്ധി ഒന്നും ചെയ്‌തിട്ടില്ലന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. കൊച്ചിയിൽ കെ എസ് രാധാകൃഷ്‌ണൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ തവണ വയനാട്ടിൽ ആന വന്നിട്ടുണ്ടെന്നാണ് ജനങ്ങൾ തമാശയായി പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
താൻ അവിടെ ടുറിസ്‌റ്റല്ലെന്നും സ്ഥിരമായി വയനാട്ടില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പോഴെങ്കിലും വയനാട്ടിൽ വരികയും പൊറാട്ട കഴിക്കുകയും ഇൻസ്‌റ്റയിൽ പോസ്‌റ്റിടുകയുമാണ് രാഹുൽ ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെയൊരു എംപി? ആദിവാസികൾക്ക് വേണ്ടി അദ്ദേഹം എന്താണ് ചെയ്‌തത്. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വയനാടിന് ഒരു ടൂറിസ്‌റ്റ് എംപി എന്തിനാണന്നും കെ സുരേന്ദ്രൻ ചോദിച്ചു.
വയനാടിൻ്റെ വികസനത്തിനായി, ആസ്‌പിരേഷൻ ജില്ലയായി പ്രധാനമന്ത്രി വയനാടിനെ തെരെഞ്ഞെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ പോലും രാഹുൽ പങ്കെടുത്തിട്ടില്ല. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു എംപി വയനാട്ടിന് ആവശ്യമുണ്ടോയെന്നാണ് ചോദിക്കാനുള്ളത്.