കോട്ടയം :സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവഗിരി സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തെ വേദനിപ്പിച്ചുവെന്ന് ബിജെപി അദ്ദേഹം പറഞ്ഞു.
ഗുരുദേവൻ സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണെന്ന് പറഞ്ഞത് നവോഥാന നായകന്മാരെ ഇകഴ്ത്തി കാട്ടാനുള്ള വരേണ്യ മനസ്ഥിതിയാണ്. സനാതന ധർമ്മത്തെ ഇടിച്ചുതാഴ്ത്താൻ ഗുരുദേവൻ്റെ കാഴ്‌ചപ്പാടുകളെ ദുരുപയോഗം ചെയ്‌തുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
സനാതന ധർമ്മത്തിനെതിരെ ഇഎംഎസ് നമ്പൂതിരിപ്പാട് വച്ച് പുലർത്തിയിരുന്ന അതേ നിലപാട് തന്നെ പിണറായി വിജയനും ആവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇക്കാര്യത്തിൽ കെ സുധാകരനും പിണറായിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. വഖഫ് നിയമത്തിലടക്കം സിപിഎമ്മിൻ്റെ അതേ നിലപാടാണ് യുഡിഎഫിന് ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരള കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ടെന്നറിഞ്ഞ് മന്നത്ത് പത്മനാഭൻ ജന്മം നൽകിയതാണ് കേരള കോൺഗ്രസ് എന്നും സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന് ജന്മം നൽകിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭൻ നായരെ അനുസ്‌മരിച്ച് കൊണ്ട് ഈ ഓഫിസ് ഉദ്ഘാനം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.