തിരുവനന്തപുരം: പോരാളി ഷാജി എന്ന ഇടത് സൈബര്‍ ഗ്രൂപ്പിനെ സിപിഎം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പോരാളി ഷാജിയുടെ പേരില്‍ കണ്ണൂര്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സിപിഎം ജില്ല സെക്രട്ടറിയും കണ്ണൂരിലെ ഇടത് സ്ഥാനാര്‍ഥിയുമായിരുന്ന എംവി ജയരാജന്‍ പോരാളി ഷാജിയെ തള്ളിപ്പറഞ്ഞതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ രംഗത്ത് വന്നു. യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റി വളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്‌റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്‌റ്റുകളാണ്. അതാണ് ഇപ്പോള്‍ സിപിഎം പരാജയ കാരണമായി വിലയിരുത്തുന്നത്.
മടിയിലും ഒക്കത്തും വച്ച് പാലൂട്ടി വളര്‍ത്തിയ ശേഷമാണ് ഇപ്പോള്‍ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഎമ്മിന്‍റെ കൊലപാതക- ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ ലോകത്ത് പോരാളി ഷാജിയും കൂട്ടരും. ടിപി ചന്ദ്രശേഖരനെ അരിഞ്ഞ് വീഴ്ത്തിയത് പോലെ താന്‍ ഉള്‍പ്പെടെ എത്രയോ യുഡിഎഫ് നേതാക്കളെയാണ് ഇവര്‍ ആക്രമിച്ചിട്ടുള്ളത്.