തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് താത്കാലികമായി ചുമതലയൊഴിഞ്ഞ് കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ചെറിയൊരിടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുന്നു. നാളെ (മെയ് 4) ന് നിലവിലെ താത്കാലിക അദ്ധ്യക്ഷന്‍ എംഎം ഹസന്‍ വിളിച്ച അവലോകന യോഗത്തിനു ശേഷം സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തും.
ഇതു സംബന്ധിച്ച് എഐസിസി നേതൃത്വം സുധാകരന് പച്ചക്കൊടി കാട്ടിയതായാണ് സൂചന. നാളെ അവലോകന യോഗത്തിനിടയിലോ അല്ലെങ്കില്‍ യോഗത്തിനു ശേഷമോ സുധാകരന്‍ ചുമതല ഏറ്റെടുക്കും. ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഏപ്രില്‍ 29 ന് ചുമതല ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശമാണ് സുധാകരന് എഐസിസി നേതൃത്വത്തില്‍ നിന്നുണ്ടായതെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ആക്‌ടിങ് പ്രസിഡന്‍റ് എംഎം ഹസന്‍ അവലോകന യോഗം വിളിച്ചതോടെ തീരുമാനം മാറ്റി.
നാളത്തെ അവലോകന യോഗത്തില്‍ എംഎം ഹസന്‍ അദ്ധ്യക്ഷത വഹിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്‍റുമാര്‍ എന്നിവരാണ് നാളത്തെ യോഗത്തില്‍ പ്രധാനമായും പങ്കെടുക്കുക. ഇതിനു പുറമേ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെസി വേണുഗോപാല്‍, കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗങ്ങള്‍ എന്നിവരും യോഗത്തിനെത്തും.