തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയൻ്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അവരെ സംരക്ഷിക്കും എന്ന പ്രസ്‌താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കൻ്റെ സ്വഭാവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടരുത് എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാന്‍ ഉള്ളതെന്ന് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ സുധാകരന്‍ വിമർശിച്ചു.
അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സിപിഎമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം ഞങ്ങളുടെ രീതിയോ ലക്ഷ്യമോ അല്ല. കുടുംബനാഥന്‍ നഷ്‌ടപ്പെട്ട ഒരു വീട്ടില്‍ പോയി രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാന്‍ നോക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി നെറികെട്ട രാഷ്‌ട്രീയമാണ് കളിക്കുന്നത്. തൻ്റെ ജീവിത സമ്പാദ്യമത്രയും സിപിഎം നേതാക്കള്‍ കട്ട് കൊണ്ട് പോയി ആര്‍ഭാട ജീവിതം നയിക്കുന്നത് കണ്ട് ജീവിതമവസാനിപ്പിച്ച കട്ടപ്പനയിലെ സാബു തോമസിൻ്റെ വീട്ടിലേക്കാണ് വയനാട് ചുരം കയറുന്നതിന് മുന്നേ ഗോവിന്ദന്‍ പോകേണ്ടിയിരുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എം വി ഗോവിന്ദൻ്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ആണ് സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്‌തത് എന്ന് ഗോവിന്ദന്‍ മറക്കരുത്. ഒരാളുടെ മരണത്തിനു കാരണക്കാരി ആയ ജീവിതപങ്കാളിയെ ന്യായീകരിക്കൂന്ന ഗോവിന്ദന്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല.
ആര്‍എസ്‌എസ് കാപാലികര്‍ ബോംബ് എറിഞ്ഞു കൊല്ലാന്‍ നോക്കിയ അസ്‌ന എന്ന കുഞ്ഞു ബാലികയെ ചോരയില്‍ നിന്നും പൊക്കി എടുത്തു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അവള്‍ ഇന്നൊരു ഡോക്‌ടര്‍ ആയി കണ്ണൂരില്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അവളെ ബോംബ് എറിഞ്ഞ ആര്‍എസ്‌എസ് നേതാവ് ഇന്ന് സിപിഎം നേതാവാണ്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ ഉള്ള വ്യത്യാസം.' - സുധാകരന്‍ ഫേസ്‌ബുക്കിൽ കുറിച്ചു.
എന്‍എം വിജയൻ്റേത് കോണ്‍ഗ്രസ് കുടുംബമാണ്. അവര്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളും നേതൃത്വവും. നുണ പറഞ്ഞത് കൊണ്ട് വസ്‌തുതകള്‍ ഇല്ലാതാകില്ലെന്ന് ക്രിമിനലുകള്‍ക്കൊപ്പം പ്രാതല്‍ കഴിച്ചും തട്ടിപ്പുകാര്‍ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാര്‍ക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്ന എംവി ഗോവിന്ദന്‍ ഓര്‍ത്താല്‍ നന്നെന്ന് സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
Read More: കുടിശിക 90 കോടി, മരുന്നുകളുടേയും ശസ്‌ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിര്‍ത്തി കമ്പനികള്‍; കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി - CRISIS IN KOZHIKODE MEDICAL COLLEGE