റേഷൻ മേഖലയെ തകർക്കാനുള്ള ശ്രമം, ജോണി നെല്ലൂർ കോഴിക്കോട്: സംസ്ഥാന ബജറ്റ് റേഷൻ സംവിധാനത്തോട് കാണിച്ചത് വലിയ അവഗണനയെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂർ. റേഷൻ മേഖലയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ഒരു വാക്ക് പോലും ബജറ്റിൽ റേഷൻ മേഖലയെക്കുറിച്ച് മിണ്ടിയില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചു.
റേഷൻ വ്യാപാരിയുടെ കൈവശം മായാജാലമില്ല. വ്യാപാരികൾ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായി. ചെയ്‌ത ജോലിക്ക് കൂലി കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. മറുപടി പ്രസംഗത്തിലെങ്കിലും പരിഗണനയില്ലെങ്കിൽ റേഷൻ വ്യാപാരികളുടെ സംയുക്ത സംഘടനകൾ ഈ മേഖലയെ സ്‌തംഭിപ്പിക്കുമെന്നും ജോണി നെല്ലൂർ കൊയിലാണ്ടിയില്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഭരിക്കുന്നത് ആരാണെന്ന് നോക്കാതെ പ്രതികരിക്കുന്നവരാണ് റേഷൻ വ്യാപാരികൾ. നവകേരള സദസിൽ നൽകിയ പരാതിക്കും ഫലമുണ്ടായില്ല. റേഷൻ വ്യാപാരി സമൂഹത്തെ നിരാശയിലേക്കും ബുദ്ധിമുട്ടിലേക്കും തള്ളിയിട്ട ബജറ്റാണ് ഈ തവണത്തേത്. ഒരു നയാ പൈസയുടെ ആനുകൂല്യം പോലും ഇല്ല.
സൂപ്രിംകോടതി വിധി ഉണ്ടായിട്ടും കിറ്റ് കമ്മീഷൻ തുക വകയിരുത്തിയില്ല. 6 കോടി രൂപ ലഭിക്കാനുണ്ട്. 3 മാസത്തിനിടെ 1000 ത്തിലേറെ റേഷൻ കടക്കാർ കട വിട്ടു പോയി. റേഷൻ വ്യാപാരിയെ സംരക്ഷിക്കാൻ ഗവണമെന്‍റിന് കഴിയുന്നില്ല. ഹീനമായ നടപടിയിൽ പ്രതിഷേധമുണ്ട്.
ഭക്ഷ്യ മന്ത്രി തന്നെ വല്ലാത്ത വിഷമത്തിലാണ്. ഭക്ഷ്യ മേഖലയെ തന്നെ തകർക്കുന്ന ബജറ്റാണിത്. വേതന പാക്കേജ് പരിഷ്‌കരിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇങ്ങനെ ആണ് കാര്യങ്ങൾ പോകുന്നതെങ്കിൽ റേഷൻ സംവിധാനം ഉടൻ നിന്നു പോകുമെന്നും ജോണി നെല്ലൂർ പറഞ്ഞു.