കേരളം

kerala

ETV Bharat / state

ആഗ്രഹങ്ങള്‍ ബാക്കിയാക്കി ജെന്‍സണ്‍; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി, അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ ജനപ്രവാഹം - Jenson Autopsy completed

വാഹനാപകടത്തില്‍ മരിച്ച ജെന്‍സണിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആണ്ടൂരില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സംസ്‌കാരം വൈകിട്ട് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.

WAYANAD JENSON DEATH  WAYANAD LANDSLIDE SRUTHI FIANCE  ജെന്‍സണ്‍ വയനാട് ഉരുള്‍പൊട്ടല്‍  ശ്രുതി ജെന്‍സണ്‍ വയനാട് മുണ്ടക്കൈ
jenson (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 2:26 PM IST

ആഗ്രഹങ്ങള്‍ ബാക്കിയാക്കി ജെന്‍സണ്‍ യാത്രയായി (ETV Bharat)

വയനാട്‌:ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂര്‍ത്തിയായി. സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബത്തേരി ആശുപത്രിയിലെത്തി ജെൻസണിനെ കണ്ടു. ശേഷം കൽപ്പറ്റ ലിയോ ആശുപത്രിയിൽ കൊണ്ടുവന്ന് ശ്രുതിയെയും ചികിത്സയിൽ കഴിയുന്ന മറ്റ് ബന്ധുക്കളെയും മൃതദേഹം കാണിച്ചു.

തുടര്‍ന്ന് അമ്പലവയൽ ആണ്ടൂരിലേക്ക് ജെൻസണിൻ്റെ മൃതദേഹം കൊണ്ടുപോയി. മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ജെന്‍സണിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. ജെൻസണിന്‍റെയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേയാണ് വാഹനാപകടത്തില്‍ ജെൻസണിന്‍റെ വിയോഗം.

മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മയുടെ അമ്മ എന്നിവർ മരിച്ചിരുന്നു. അച്ഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ദുരന്തത്തിൽ നഷ്‌ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്‌തുവരികയായിരുന്നു ശ്രുതി.

ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ്എം ഗവ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്‌കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

ശ്രുതിയുടെ വിവാഹത്തിന് കരുതിയിരുന്ന 15 പവൻ സ്വർണവും 4 ലക്ഷം രൂപയും വീടും അടക്കം ഉരുളില്‍ നഷ്‌ടമായി. ശ്രുതിയും ജെൻസണിനും സ്‌കൂൾ കാലം മുതൽക്കേ സുഹൃത്തുക്കളാണ്. പ്രണയബന്ധം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരിച്ചതിനാല്‍ നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നു. രജിസ്റ്റർ വിവാഹം മാത്രം ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.

കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജെൺസണ്‍. ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഉരുൾപൊട്ടലിൽ ഉറ്റവരെയാകെ നഷ്‌ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്‌നമെന്ന് പറഞ്ഞ് ശ്രുതിയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ ജെന്‍സണിന്‍റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മരണം കേരളത്തിനെയാകെ വിലാപത്തിലാഴ്‌ത്തിയിരിക്കുകയാണ്.

Also Read:'ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറം'; ജെന്‍സന്‍റെ വിയോഗത്തില്‍ വേദന പങ്കിട്ട് മമ്മൂട്ടി

ABOUT THE AUTHOR

...view details