കോഴിക്കോട്:മാക്‌സിമം ബലം പിടിച്ച് നോക്കി, സമ്മർദ്ദത്തിലാക്കാനും ശ്രമിച്ചു. കാഴ്‌ചക്കാർ ഹരം കൊണ്ടെങ്കിലും ലീഗിന് വീണ്ടും രണ്ട് തന്നെ. ലീഗ് തല പൊക്കുമ്പോളെല്ലാം കോൺഗ്രസിലെ പഴയ നേതൃത്വം പാണക്കാട്ടെത്തി അനുരഞ്ജനത്തിലൂടെ സംഗതി മയപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ നേതൃത്വം പക്ഷേ ഈ തവണ അതത്ര ഗൗനിച്ചില്ല. അതോടെയാണ് വിഷയം വഷളായത്. ഇ പി ജയരാജനെപ്പോലുള്ള നേതാക്കൾ അതിന് പരമാവധി എരിവും ചേർത്തു കൊടുത്തു. ഏതാനും മാസം മുന്‍പ് വരെ ലീഗ് സെക്രട്ടറിയായിരുന്ന കെ എസ് ഹംസയ്ക്ക് സിപിഎം സീറ്റ് കൂടി കൊടുത്തതോടെ ലീഗിൽ എരിപൊരി സഞ്ചാരമായി. ചിലർ ട്രോളി ' ലീഗിന് ഈ തവണ മൂന്നുണ്ടല്ലോ' അത് ഏതാ.. ? 'പൊന്നാനി'..! (IUML Congress Seat Arrangements)
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനും, ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും നേടിയെടുക്കാനുള്ള പെടാപ്പാടിലാണ് കോൺഗ്രസ്. വടക്കേ ഇന്ത്യയിൽ രക്ഷയില്ലാതെ വന്നതോടെ ഒത്തുതീർപ്പിന് വഴങ്ങുമ്പോഴും തെക്കേ ഇന്ത്യയിലാണ് കോൺഗ്രസിന്‍റെ നോട്ടം. വലിയ ഒറ്റക്കക്ഷിയാവാൻ തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം 55 സീറ്റിന് മുകളിൽ നേടണം എന്നതാണ് പ്ലാൻ. അതിൽ കേരളത്തിലെ ഓരോ സീറ്റും പ്രധാനമാണെന്ന് ലീഗിനെ ധരിപ്പിച്ചു കഴിഞ്ഞു (UDF Seat Sharing).
പിന്നെ ഒരു സീറ്റ് തരാൻ നിലവിലുള്ള കോൺഗ്രസ് എംപിമാരിൽ നിന്ന് ആരാണ് മാറിക്കൊടുക്കുക? മുട്ടൻ തന്ത്രങ്ങളാണ് ലീഗിനെ കെട്ടാൻ കോൺഗ്രസ് പുറത്തെടുത്തത്. ഒരു ഒത്തുതീർപ്പിനായി ലീഗിന് രാജ്യസഭ കൊടുക്കുമെന്നാണ് താൽക്കാലിക ഉടമ്പടി. എന്നാൽ അപ്പോൾ കോൺഗ്രസ് ഉയർത്തിക്കാണിക്കുക ജാതിമത സമവാക്യമായിരിക്കും. ആ സീറ്റിൽ കണ്ണും നട്ടിരിക്കുന്ന കോൺഗ്രസുകാർ പരസ്യപ്രസ്‌താവനക്ക് മൂർച്ച കൂട്ടിയാൽ മൊത്തം പ്രശ്‌നമാകും. ലീഗ് ഇടയും, ഒരു പക്ഷേ ഇന്നത്തേക്കാൾ വലിയ പ്രശനം ഭാവിയിൽ പ്രതീക്ഷിക്കാം.