തിരുവനന്തപുരം:പദ്ധതിക്കൾക്കായി ബജറ്റിൽ വകയിരുത്തിയ പണം സർക്കാരിന്‍റെ ബാധ്യത തീർക്കാൻ പോലും തികയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വാസ യോഗ്യമല്ലാത്ത പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് ശേഷം നിയമസഭയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്ലാൻ വെട്ടിക്കുറയ്ക്കലാണ് ധനമന്ത്രി പറഞ്ഞ പ്ലാൻ ബി യെന്നും വി ഡി സതീശൻ വിമർശിച്ചു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ കുറിച്ചു യാതൊരു ധാരണയുമില്ലാതെയുള്ള ബജറ്റ്. 11,000 കോടിയുടെ പദ്ധതികളാണ് വെട്ടി ചുരുക്കിയത്. നിയമസഭ പാസാക്കിയ പദ്ധതി വിഹിതം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വെട്ടിച്ചുരുക്കുകയാണ് സർക്കാർ ചെയ്‌തത്. നിയമസഭ പാസാക്കി ഗവർണർ അംഗീകരിച്ച പദ്ധതികളുടെ വിഹിതമാണ് വെട്ടിച്ചുരുക്കിയത്. ഇങ്ങനെയിത് സർക്കാർ ഉത്തരവുകളിലൂടെ മറികടക്കാനാകില്ല. അതു ഭരണഘടനാ ലംഘനമാണ്. കൃത്യമായ രൂപത്തിൽ പോലുമല്ല ബജറ്റ്. ഒരു യഥാർത്ഥ്യ ബോധവുമില്ലാത്ത ബജറ്റ്. ഭൂനികുതി വർധിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷെ 50 ശതമാനം വർധനവ് സാധാരണക്കാരെ വലയ്ക്കും.
ഈ വർഷം ബജറ്റിൽ വകയിരുത്തിയ പൈസ കഴിഞ്ഞ വർഷത്തെ ബാധ്യത തീർക്കാൻ പോലും തികയില്ല. ഇതു സർക്കാരിന്‍റെ ഫെയർവെൽ ബജറ്റ്. ക്ഷേമ പദ്ധതികൾക്കൊന്നും പൈസ കൊടുക്കുന്നില്ല. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് അടിവരയിടുന്ന പരിസമാപ്‌തിയാണ് കിഫ്‌ബിക്കുണ്ടായത്. കേരളം ഭരിച്ച ഒരു സർക്കാരും വരുത്തിവയ്ക്കാത്ത ബാധ്യതയാണ് ഈ സർക്കാർ വരുത്തിവെച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്‍റെ ഈ വാര്‍ഷിക പൊതു ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്‍റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.
ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അര്‍ഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്‍റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റത്തിന്‍റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധവച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:പലിശഭാരം വെട്ടിക്കുറച്ച് ആര്‍ബിഐ, റിപ്പോയില്‍ 0.25ശതമാനം ഇളവ്, വായ്‌പകളുടെ പലിശഭാരം കുറയും