കേരളം

kerala

ETV Bharat / state

മൊബൈല്‍ അഡിക്ഷനും ലഹരിക്കും മറുമരുന്നായി വിഘ്നേഷിന്‍റെ ഒറ്റമൂലി; അങ്ങാടിപ്പുറത്തെ കുതിരക്കൂട്ടം ഇനി കുട്ടികള്‍ക്ക് സ്വന്തം

രാജസ്ഥാനിലെ പുഷകര്‍ മേളയില്‍ നിന്ന് 30 കുതിരകളെക്കൂടി എത്തിച്ചതോടെ അങ്ങാടിപ്പുറത്തെ ഫാമില്‍ 63 കുതിരകളായി. അഞ്ചടിയിലേരെ ഉയരമുള്ള മാര്‍വാരി ഇനത്തില്‍പ്പെട്ട കുതിരകളും നുക്ര ഇനത്തില്‍പ്പെട്ട കുതിരകളും പുതുതായി എത്തിച്ച കൂട്ടത്തിൽ.

VIGNESH VIJAYAKUMAR  വ്യവസായി വിഘ്നേഷ് വിജയകുമാർ  HORSE RIDING  KERALA TOURISM
VIGNESH VIJAYAKUMAR (L) WITH HIS HORSE (ETV bharat)

By ETV Bharat Kerala Team

Published : Nov 26, 2024, 10:51 PM IST

Updated : Nov 26, 2024, 11:08 PM IST

മലപ്പുറം:ദുബായില്‍ വ്യവസായിയായ മലപ്പുറംകാരന്‍ വിഘ്നേഷ് വിജയകുമാര്‍ മേനോന്‍റെ വാഹനക്കമ്പത്തെക്കുറിച്ച് മലയാളികള്‍ നേരത്തേ അറിഞ്ഞതാണ്.ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ ലേലത്തിൽ സ്വന്തമാക്കിയ വ്യവസായി എന്ന നിലയിലാണ് മലയാളികള്‍ക്ക് വിഘ്നേഷ് വിജയകുമാറിനെ പരിചയം. വാഹനക്കമ്പക്കാരന്‍ എന്നതിനോടൊപ്പം കുതിരക്കമ്പക്കാരന്‍ കൂടിയാണ് വിഘ്നേഷെന്ന് ഏറെപ്പേര്‍ക്കറിയില്ലായിരുന്നു.

ഇരുപത് വര്‍ഷം മുമ്പ് ഉപജീവനത്തിനായി യുഎയിലെത്തിയ വിഘ്നേഷിന്‍റെ മൃഗസ്നേഹവും കുതിരക്കമ്പവും അടുത്ത സുഹൃത്തുക്കള്‍ക്കറിയാം. അജ്‌മാനിലെ ഹീലിയോ മരുഭൂമിയിലുള്ള വിഘ്നേഷിന്‍റെ ഫാം ഒരു മിനി മൃഗശാലയാണ്. നൂറോളം കുതിരകള്‍, ആനകള്‍, വിവിധ ജനുസ്സില്‍പ്പെട്ട പശുക്കള്‍, മയില്‍ അങ്ങിനെ പലതുമുണ്ട് വിഘ്നേഷിന്‍റെ ഫാമില്‍.

വിഘ്നേഷും സുഹൃത്തുക്കളും കുതിരയ്‌ക്കൊപ്പം (ETV bharat)

കുതിര പ്രേമത്തിനു പിന്നിൽ

യുഎയില്‍ നിരവധി കമ്പനികള്‍ നോക്കിനടത്തുന്ന ചെറുപ്പക്കാരന് ഇതിനൊക്കെയിടയില്‍ ഫാം നോക്കി നടത്താന്‍ എവിടെ നേരമെന്നാണ് സംശയമെങ്കില്‍ അതിന് മറുപടി വിഘ്നേഷ് തരും. "ചെറുപ്പം തൊട്ടു തന്നെ എനിക്ക് മൃഗങ്ങളോട് സ്നേഹമായിരുന്നു. കുതിരകളോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ആത്മാവുള്ള ജീവിയാണ് കുതിര.

മനുഷ്യരെ മാറ്റിയെടുക്കാന്‍ അപാരമായ കഴിവുള്ള ജീവിയാണ് കുതിരകള്‍. മനുഷ്യരുമായി വല്ലാതെ ഇണങ്ങുന്ന ജിവി. കുതിരകളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിലൂടെ കുട്ടികളുടേയും മറ്റും സ്വഭാവം തന്നെ മാറ്റിയെടുക്കാനാവും.

കുതിരകളെ ഫാമിലേക്ക് കൊണ്ടുപോകുന്നു (ETV bharat)

കുതിര സവാരിയും മറ്റും ശീലിക്കുന്നതിലൂടെ മനസ്സിനെ ഏകാഗ്രമാക്കുന്നതിനും സാധിക്കും. ഇഷ്‌ടമുള്ളതുകൊണ്ടു തന്നെ എന്തു വിലകൊടുത്തും അതിനെ സ്വന്തമാക്കുക പണ്ടേ സ്വപ്‌നമായിരുന്നു. ജീവിതത്തില്‍ അതിനുള്ള സാഹചര്യം ഒത്തു വന്നപ്പോള്‍ കുതിരകളെ സ്വന്തമാക്കിത്തുടങ്ങി."

രാജസ്ഥാനിൽ നിന്ന് 30 കുതിരകളെ എത്തിച്ച് വ്യവസായി വിഘ്നേഷ് വിജയകുമാർ. (ETV Bharat)

ഏഴു കോടി രൂപ വിലമതിക്കുന്ന കുതിരകള്‍ വരെയുണ്ടായിരുന്നു വിഘ്നേഷിന്‍റെ ഫാമില്‍. കുതിര പ്രേമം അജ്‌മാനില്‍ മാത്രമായി ഒതുക്കിയില്ല വിഘ്നേഷ്. നാട്ടിലും കുതിരകളെ വാങ്ങിക്കൂട്ടി. ആദ്യം 6 കുതിരകളെ വരുത്തി. അന്നത് മലപ്പുറത്ത് കൗതുകക്കാഴ്‌ചയായിരുന്നു. പിന്നീട് 13 കുതിരകളെക്കൂടി വരുത്തി. കൊറോണക്കാലത്ത് കേരളത്തിലേക്ക് ആദ്യമായി കുതിരകളെ എത്തിച്ചതും വിഘ്നേഷ് തന്നെ.

കർഷകർക്ക് കൈത്താങ്ങ്

വിഘ്നേഷ് കുതിരകളെ വാങ്ങുന്നതിലുമുണ്ട് പ്രത്യേകത. കൊറോണാക്കാലത്ത് ഉത്തരേന്ത്യയിലെ കര്‍ഷകരില്‍ നിന്നാണ് അദ്ദേഹം കുതിരകളെ വാങ്ങിച്ചത്. അതിനു പിന്നിലെ ആശയം വിഘ്നേഷ് വിശദീകരിക്കുന്നത് ഇങ്ങിനെയാണ്.

- (ETV bharat)

"ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ ജീവിതം കുതിരകളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെ കുതിരക്കുട്ടികളെ വാങ്ങി വളര്‍ത്തുന്ന കര്‍ഷകര്‍ നിരവധിയുണ്ട്. വളര്‍ത്തി വലുതാക്കി അടുത്ത മേളയാകുമ്പോള്‍ ഈ കുതിരകളെ അവര്‍ വില്‍പ്പനക്കെത്തിക്കും.

ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് അവര്‍ ഇങ്ങനെ സ്നേഹത്തോടെ പോറ്റി വളര്‍ത്തിയ കുതിരകളെ വില്‍ക്കുന്നത്. കര്‍ഷകരില്‍ നിന്നാണ് ഞാന്‍ മിക്കവാറും കുതിരകളെ വാങ്ങാറുള്ളത്. കൊവിഡ് സമയത്തും അവരില്‍ നിന്നാണ് വാങ്ങിയത്. പുഷ്‌കര്‍ മേളയിലും കര്‍ഷകരില്‍ നിന്നുള്ള കുതിരകളെയാണ് കൂടുതലും വാങ്ങിയത്."

- (ETV bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മലപ്പുറത്തുള്ള 6 കുതിരകള്‍ക്ക് പുറമേ അങ്ങാടിപ്പുറത്തും 13 കുതിരകളെ എത്തിച്ചതോടെ ഇവയെ പാര്‍പ്പിക്കാന്‍ വിഘ്നേഷ് ഒരു ഗ്രൗണ്ട് വാങ്ങി. പിന്നീട് കുതിരകളുടെ എണ്ണം 36 ആയി ഉയര്‍ന്നു. ഫാം നോക്കി നടത്താനും കുതിരകളുടെ പരിപാലനത്തിനുമായി ഏഴ് ജോലിക്കാരും ഉണ്ട്. അവിടെ ഉണ്ടായിരുന്ന 33 കുതിരകള്‍ക്കൊപ്പമാണ് രാജസ്ഥാനില്‍ നിന്ന് 30 കുതിരകളെക്കൂടി കഴിഞ്ഞയാഴ്‌ച എത്തിച്ചത്. അഞ്ചടിയിലേരെ ഉയരമുള്ള മാര്‍വാരി ഇനത്തില്‍പ്പെട്ട കുതിരകളേയും നുക്ര ഇനത്തില്‍പ്പെട്ട കുതിരകളേയുമൊക്കെ വിഘ്നേഷ് സ്വന്തമാക്കിയിട്ടുണ്ട്.

- (ETV bharat)

ലക്ഷ്യം സമൂഹ നന്മ

അങ്ങാടിപ്പുറത്തുകാര്‍ക്ക് കൗതുകം പകര്‍ന്നു കൊണ്ടാണ് ആനിമല്‍ ആംബുലന്‍സുകളില്‍ കുതിരകളെ എത്തിച്ചത്. വ്യവസായി, സിനിമ നിർമാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വിഘ്നേഷ് ഭാവിയിൽ കുതിരസവാരി കേരളത്തിൽ സുപരിചിതമാക്കിയ വ്യക്തി എന്ന പേരിലും അറിയപ്പെടാന്‍ പോവുകയാണ്. കച്ചവട താല്‍പ്പര്യം വെച്ചല്ല താന്‍ കേരളത്തിലേക്ക് കുതിരകളെ എത്തിച്ചതെന്ന് വിശദീകരിക്കുന്ന വിഘ്നേഷിന് വ്യക്തമായ ഒരു പദ്ധതി മനസ്സിലുണ്ട്. നമ്മുടെ വരും തലമുറകളെക്കൂടി സുരക്ഷിതരാക്കാനും, ലക്ഷ്യം തെറ്റുന്ന യുവതയ്ക്ക് മാര്‍ഗദര്‍ശനമേകാനും ശരിയായ പാതയിലേക്ക് നയിക്കാനുമുള്ള വിശാല പദ്ധതികള്‍ വിഘ്നേഷ് വിശദീകരിക്കുന്നു.

"നമ്മുടെ കുട്ടികള്‍ വല്ലാതെ മൊബൈലുകള്‍ക്ക് അടിപ്പെടുന്ന കാലമാണിത്. വീഡിയോ ഗെയിമുകളും മൊബൈല്‍ സ്‌ക്രീന്‍ അഡിക്ഷനും വല്ലാതെ ആശങ്ക ഉയര്‍ത്തുന്ന കാലം. ഒപ്പം ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളും.

- (ETV bharat)

ഇതിനൊക്കെ പരിഹാരമെന്ന നിലയിലാണ് കുതിര സവാരിയും അശ്വാഭ്യാസവും കേരളത്തിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പരിചയപ്പെടുത്താന്‍ ഞാന്‍ ഒരുമ്പെടുന്നത്. സ്‌കൂളുകളുമായും കോളജുകളുമായും സംസാരിച്ച് പരിശീലനത്തിനുള്ള അവസരം ഒരുക്കും." -വിഘ്നേഷ് പറഞ്ഞു.

കുതിരകളെ കേരളത്തിലെത്തിച്ച ആനിമൽ ആംബുലന്‍സ് (ETV bharat)

സൗജന്യ കുതിരസവാരി

തന്‍റെ ഫാമില്‍ കുതിരകളെ കാണാനെത്തുന്ന കുട്ടികള്‍ക്ക് കുതിരപ്പുറത്ത് കയറാനും സവാരി നടത്താനും വിഘ്നേഷ് സൗകര്യമൊരുക്കാറുണ്ട്. നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക് സൗജന്യമായി കുതിരസവാരി പരിശീലിപ്പിക്കാനും വിഘ്നേഷ് മടിക്കാറില്ല. ഇനി അത് കുറച്ചു കൂടി വിപുലമാകും.

- (ETV bharat)

കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മുപ്പതോളം കുതിരകളെ ഒരേസമയം നാട്ടിലേക്ക് എത്തിച്ചത്. രാജസ്ഥാനിലെ പുഷ്‌കർ മേളയിലെ കരുത്തരായ 30 കുതിരകളാണ് അങ്ങാടിപ്പുറത്തെ വിഘ്നേഷിന്‍റെ ഫാമിലെത്തിയത്. ഇനി ഇവ കേരളത്തിലെ സ്‌കൂൾ കുട്ടികളുടെയും കോളജ് വിദ്യാര്‍ഥികളുടേയും കളിത്തോഴന്‍മാരാകും. വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനു പുറമേ വിനോദസഞ്ചാരത്തിന് ഇവയെ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും വിഘ്നേഷിനുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കുതിരസവാരി പഠിക്കാൻ ചില സ്‌കൂളുകള്‍ക്ക് വിഘ്‌നേഷ് കുതിരകളെ നേരത്തെ എത്തിച്ചു നല്‍കിയിരുന്നു.

കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും

ഉറച്ച നിശ്ചയദാർഢ്യമാണ് വിഘ്‌നേഷിന്‍റെ ജീവിത വിജയത്തിനുപിന്നിലും എന്നാണ് അടുപ്പക്കാർ പറയാറ്. മുന്നോട്ടുവച്ച കാൽ പിന്നോട്ടുവെക്കുന്ന സ്വഭാവം വിഘ്നേഷിനില്ല. ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചാൽ എന്ത് വിലകൊടുത്തും അത് നടത്തിയെടുക്കുക എന്നത് വിഘ്‌നേഷിന്‍റെ ശൈലിയാണെന്നും സുഹൃത്തുക്കൾ പറയുന്നു.

കുതിരകളെ ആനിമൽ ആംബുലന്‍സിൽ നിന്ന് ഇറക്കുന്നു (ETV bharat)

യുഎയിലെത്തിയശേഷം രാവിലെ ജോലിക്കുപോകും മുൻപുള്ള സമയത്ത് മറ്റുള്ളവരുടെ കാർ കഴുകിയാണ് വിഘ്നേഷ് അധിക വരുമാനം കണ്ടെത്തിയിരുന്നത്. 14 കാറുകളായിരുന്നു അന്ന് ഒരു ദിവസം കഴുകിയിരുന്നത്. ലോകത്തെ മുന്‍നിര ആഡംബര കാറുകൾ മുഴുവന്‍ സ്വന്തമാക്കുന്ന നിലയിലേക്ക് വിക്കി എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വിഘ്നേഷ് എത്തിയത് ആ കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും കൈമുതലാക്കിയാണ്.

Also Read:കമ്പോഡിയ, റഷ്യ, ഹിമാലയം വഴി തിരുവനന്തപുരത്തേക്ക്:; രാജ്യങ്ങള്‍ താണ്ടി തലസ്ഥാനത്തേക്ക് പറന്നെത്തി ദേശാടനക്കിളികള്‍

Last Updated : Nov 26, 2024, 11:08 PM IST

ABOUT THE AUTHOR

...view details