മുംബൈ: കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ മൂന്ന് സര്‍വീസുകളുമായി ഇന്‍ഡിഗോ. കോഴിക്കോട്-കൊച്ചി, കൊച്ചി-അഗത്തി, കോഴിക്കോട്-അഗത്തി-കൊച്ചി തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. അടുത്തമാസം ഒന്നുമുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര-അന്തര്‍ദേശീയ രംഗത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന സര്‍വീസുകളാകും ഇവ. ലക്ഷദ്വീപിലെ പ്രധാന ദ്വീപുകളിലൊന്നായ അഗത്തിയിലേക്കുള്ള പുതിയ വിമാന സര്‍വീസ് കേരളത്തിലെ സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകും.
അടുത്തിടെ ബെംഗളുരു അഗത്തി റൂട്ടില്‍ ഇന്‍ഡിഗോ പുതിയ സര്‍വീസ് ആരംഭിച്ചിരുന്നു. ഇതോടെ 88 ആഭ്യന്തര സര്‍വീസുകളുമായി ആകെ 121 സര്‍വീസുകൾ ഇന്‍ഡിഗോയുടെ കണക്കിലെത്തി. അഗത്തിയില്‍ നിന്ന് കൊച്ചി വഴി കോഴിക്കോടിനും തിരിച്ചുമുള്ള സര്‍വീസുകള്‍ വ്യവസായികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
വേനലവധിക്കാല സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസുകളെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് തലവന്‍ വിനയ് മല്‍ഹോത്ര അറിയിച്ചു. മേഖലയിലെ യാത്രയെയും വിനോദസഞ്ചാരത്തെയും വാണിജ്യത്തെയും മെച്ചപ്പെടുത്താന്‍ പുതിയ സര്‍വീസിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവ് കുറഞ്ഞ സമയബന്ധിത പ്രശ്‌ന രഹിത യാത്രകളാണ് തങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.