കോട്ടയം:ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട വയനാട്ടിലെ ജനങ്ങളെ ചേർത്തു പിടിക്കണമെന്ന് മന്ത്രി ചിഞ്ചു റാണി. 78-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന പരിപാടിയിൽ മന്ത്രി ചിഞ്ചു റാണിയാണ് ദേശീയ പതാകയുയർത്തിയത്. ഒത്തൊരുമയോടെ ദുരന്തം തകർത്ത വയനാടിനെ ചേർത്തുപിടിക്കണമെന്നും വയനാട്ടിലെ ജനങ്ങൾക്ക് അതിജീവനത്തിനായി എല്ലാവരുടെയും പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ദുരന്തങ്ങളിൽ എല്ലാം മറന്ന് പ്രവർത്തിക്കുന്ന സംസ്‌കാരമാണ് കേരള ജനതയുടേത്. ആ ഒത്തൊരുമ തുടരണമെന്നും വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടെ നിന്ന എല്ലാവർക്കും സല്യൂട്ട് സമർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. പരേഡ് ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റിൽ മന്ത്രി വിവിധ സേനവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.