പത്തനംതിട്ട: ശബരിമല തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ വർധന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 24,47,507 ഭക്തരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ ബുക്കിങ് വഴി 23,42,841 പേരും തത്സമയ ഓൺലൈൻ ബുക്കിങ് (സ്‌പോട്ട് ബുക്കിങ്) വഴി 4,90,335 പേരുമാണ് ശനിയാഴ്‌ച വരെയെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുൽമേട് വഴി വന്നവർ 60304 ആണ്. ഞായറാഴ്‌ച (ഡിസംബർ 22) ഉച്ചയ്ക്ക് 12 മണിവരെ 10966 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്‌പോട് ബുക്കിങ് അഞ്ച് ലക്ഷം ( 501,301) കവിഞ്ഞു. ഈ തീർഥാടനകാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിന് സാക്ഷ്യം വഹിച്ച വ്യാഴം, വെള്ളി (ഡിസംബർ 19,20) ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ (ഡിസംബർ 21) തീർഥാടകരുടെ എണ്ണത്തിൽ ചെറിയ തോതിൽ കുറവ് വന്നിട്ടുണ്ട്.
ആകെ 92001 പേരാണ് എത്തിയത്. വ്യാഴാഴ്‌ച 96007 പേരും, വെള്ളിയാഴ്‌ച 96853 എന്നിങ്ങനെയായിരുന്നു തീർഥാടകരുടെ എണ്ണം. ഇന്നലെ വെർച്വൽ ക്യൂ ബുക്കിങ് വഴി 59,921 പേരാണ് എത്തിയത്. സ്‌പോട് ബുക്കിങ്ങിലൂടെ 22,202 പേരും. അതേസമയം പുൽമേട് വഴി വന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം എത്തിയത് 6013 പേരാണ്. കഴിഞ്ഞ ദിവസങ്ങളിൽ 3016, 3852 എന്നിങ്ങനെയായിരുന്നു പുൽമേട് വഴിയുള്ള തീർഥാടകരുടെ എണ്ണം.
സ്‌പോട് ബുക്കിങ്ങിലൂടെ എത്തുന്നവരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 22,000ത്തിന് മുകളിലാണ്. സ്‌പോട് ബുക്കിങ് ദിവസവും പതിനായിരമായി പരിമിതപ്പെടുത്താനായിരുന്നു നിർദേശം. എങ്കിലും മണ്ഡല മഹോത്സവത്തിനായി നട അടയ്ക്കാറായതോടെ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മാത്രം ഒരുലക്ഷത്തിലേറെപ്പേർ (1,03,465) സ്‌പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദർശനം സാധ്യമാക്കി.