തിരുവനന്തപുരം : എഐസിസിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും പിഴ ഈടാക്കാനുമുള്ള ഇൻകം ടാക്‌സിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കേരളത്തിലും ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്തെ ആദായനികുതി കമ്മിഷണറേറ്റ് ഉപരോധം കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് എംഎം ഹസൻ ഉദ്ഘാടനം ചെയ്‌തു.
സാമ്പത്തികമായി കോൺഗ്രസിനെ ശ്വാസം മുട്ടിക്കുന്നതിൽ വോട്ടർമാർ മറുപടി നൽകുമെന്ന് ഹസൻ ഉപരോധം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെയാണ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് നരേന്ദ്ര മോദി മരവിപ്പിച്ചതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷത്തിന് പണപ്പിരിവ് നടത്താൻ എല്ലാ അവകാശവുമുണ്ട്. സ്ഥാനാർഥികൾക്ക് പണം നൽകാൻ കഴിയാത്ത തരത്തിൽ കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിഷ്‌ക്രിയമാക്കി കൊണ്ട് കോൺഗ്രസിന്‍റെ പ്രവർത്തനങ്ങള്‍ മരവിപ്പിക്കാനാണ് ശ്രമം.
ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രധാന പ്രതിപക്ഷ കക്ഷിയുടെ എല്ലാ അക്കൗണ്ടും മരവിപ്പിക്കുക, അക്കൗണ്ടിൽ നിന്ന് ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പിഴ തുക കവർന്നെടുക്കുക എന്നീ സംഭവങ്ങൾ ആദ്യമാണ്. അതു കൊണ്ടാണ് ഐക്യരാഷ്ട്ര സഭയും ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന കോൺഗ്രസിന് എന്ത് സഹായവും നൽകാമെന്നാണ് അവർ പറഞ്ഞത്. മിക്ക പ്രതിപക്ഷ പാർട്ടികളോടും പിഴയടയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ തുകയടയ്ക്കാൻ നിർദേശിച്ചത് കോൺഗ്രസിനോടാണ്.
സാമ്പത്തികമായി കോൺഗ്രസിനെ ശ്വാസം മുട്ടിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് കോൺഗ്രസിനെ പിന്മാറ്റാൻ ശ്രമിക്കുമ്പോൾ അധികാരത്തിലിരിക്കുന്ന ബിജെപി കോടികളാണ് ഇലക്‌ടറല്‍ ബോണ്ട് വഴി നേടിയത്. ഇലക്‌ടറൽ ബോണ്ടിന്‍റെ വിവരങ്ങൾ എസ്ബിഐയോട് സുപ്രീംകോടതി ചോദിച്ചപ്പോൾ 6060 കോടി എന്നായിരുന്നു മറുപടി. മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ് എസ്ബിഐ വെളിപ്പെടുത്തിയത്.