കൊല്ലം:പൊലീസാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ. ലോട്ടറി ടിക്കറ്റിൻ്റെ നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയത പുനലൂർ സ്വദേശി ഷാജിനെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. എക്സൈസ്, പൊലീസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റുകളിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയായ ഷാജ് തട്ടിപ്പ് നടത്തുന്നത്.
വഴിയോര ലോട്ടറി കച്ചവടക്കാരുടെ മുന്നിൽ ബൈക്കിൽ എത്തുന്ന പ്രതി തൻ്റെ കൈവശമുള്ള തിരുത്തിയ ടിക്കറ്റ് നൽകി എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെടും, 5000 രൂപ ലോട്ടറി സമ്മാനം ഉണ്ടെന്ന് കേൾക്കുമ്പോൾ 2500 രൂപ പണമായും ബാക്കി 2500 രൂപക്ക് ലോട്ടറി ടിക്കറ്റും നൽകാൻ ആവശ്യപ്പെടും.
ഇങ്ങനെ നിരവധി ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. തിരുത്തിയ ടിക്കറ്റുകൾക്കാണ് പണം നൽകിയതെന്ന് പിന്നീടാണ് വഴിയോരകച്ചവടക്കാർ മനസിലാക്കുന്നത്. കൂടുതലും സ്‌ത്രീകളെയും വികലാംഗരെയുമാണ് ഇയാൾ പറ്റിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്.