കോട്ടയം : ഇടുക്കി പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടേയും പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം സ്വദേശമായ മാവേലിക്കരയിലേക്ക് കൊണ്ട് പോകും. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം സംഗീതിന്‍റെ മൃതദേഹം മൊബൈൽ മോർച്ചറിയിൽ വീട്ടിൽ സൂക്ഷിക്കും. സംസ്‌കാരം നാളെ (ജനുവരി 7) രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തും. അരുൺ ഹരി, രമ മോഹൻ എന്നിവരുടെ മൃതദേഹം മാവേലിക്കര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ബിന്ദുവിൻ്റെ മൃതദേഹം നൂറനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല പരിക്കേറ്റവരുടെ ചികിത്സ ചെലവും കെഎസ്ആര്‍ടിസി വഹിക്കുമെന്നും അദ്ദേഹം വ്യക്തമക്കി. സംഭവത്തിൽ കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും ഗണേഷ്‌കുമാർ പറഞ്ഞു.