hot summer; idukki black pepper farming in crisis ഇടുക്കി: കുരുമുളക് കൃഷിക്ക് തിരിച്ചടിയായി കടുത്ത വേനൽ. അന്തരീക്ഷ താപനില ഉയർന്നതോടെ ചെടികൾ വാടിക്കരിയുകയാണ്. വേനൽ തുടർന്നാൽ അടുത്ത സീസണിൽ കുരുമുളക് ഉൽപ്പാദനം ഗണ്യമായി കുറയും.
ചൂട് ഉയർന്നതും വേനൽമഴ കിട്ടാതായതും മൂലം ഇടുക്കിയിലെ കുരുമുളക് കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മഴ കുറഞ്ഞതോടെ ഡിസംബറിൽ തന്നെ തോട്ടങ്ങളിൽ കുരുമുളക് ചെടികൾ വാടിത്തുടങ്ങിയിരുന്നു.
വേനൽ മഴയും കിട്ടാതായതോടെ വിവിധയിടങ്ങളിൽ കുരുമുളക് ചെടികൾ കരിഞ്ഞു. പച്ചവല കെട്ടിയും പടുതക്കുളങ്ങളിൽ നിന്ന് വെള്ളമെടുത്തുമാണ് കർഷകർ വേനലിനെ പ്രതിരോധിയ്ക്കാൻ ശ്രമിക്കുന്നത്. എന്നാൽ പലയിടത്തും പടുതാക്കുളങ്ങളും വറ്റി.
തൈ ചെടികൾക്ക് പുതയിട്ടെങ്കിലും അന്തരീക്ഷത്തിലെ താപനില കാരണം ഉണക്ക് ബാധിക്കുകയാണ്. 20 കിലോയോളം കുരുമുളക് ഉണ്ടായിരുന്ന ചെടികളാണ് ഉണങ്ങി നശിക്കുന്നത്. വായ്‌പയെടുത്താണ് പലരുടെയും കൃഷി പരിപാലനം. കടുത്ത വേനലിൽ ചെടികൾ നശിക്കുന്നത് കർഷകരെ വലിയ കടബാധ്യതയിലേക്കു തള്ളിവിടും.