തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി. കെ ഗോപാലകൃഷ്‌ണൻ, എൻ പ്രശാന്ത് എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ റിപ്പോർട്ടിന്മേലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയ് തിലക് ഐഎഎസിനെതിരായ പരസ്യ പരാമർശത്തിലാണ് പ്രശാന്തിനെതിരെ നടപടി. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്‌ണന് സസ്പെൻഷൻ. മല്ലു ഹിന്ദു ഓഫിസേഴ്‌സ് ഗ്രൂപ്പിൽ സര്‍ക്കാര്‍ വിശദീകരണം തേടിയപ്പോള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്ക് ചെയ്‌തുവെന്നായിരുന്നു ഗോപാലകൃഷ്‌ണന്‍റെ വിശദീകരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഗോപാലകൃഷ്‌ണന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരണത്തിന് പിന്നില്‍ ഗോപാലകൃഷ്‌ണന്‍ തന്നെയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പര്‍ജന്‍ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പൊലീസ് മേധാവി സര്‍ക്കാരിന് കൈമാറി.