കേരളം

kerala

ETV Bharat / state

കോൺ. നേതാവിന്‍റെയും മകന്‍റെയും ആത്മഹത്യ; ഐ സി ബാലകൃഷ്‌ണന്‍ എംഎൽഎ സംശയമുനയിൽ - ALLEGATIONS AGAINST IC BALAKRISHNAN

കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലിക്കുവേണ്ടി ഐ സി ബാലകൃഷ്‌ണന്‍റെ നിര്‍ദേശാനുസരണം വിജയന് പലരും പണം നല്‍കിയെന്ന് അരോപണം

I C Balakrishnan  MLA and former DCC president  Congress  DCC treasurer
- (ETV Bharat)

By ETV Bharat Kerala Team

Published : Dec 28, 2024, 10:45 PM IST

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യയില്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്‍റുമായ ഐ സി ബാലകൃഷ്‌ണന് കുരുക്ക് മുറുകുന്നു. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഐ സി ബാലകൃഷ്‌ണന്‍റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള ആരോപണമാണ് പുറത്തുവരുന്നത്. ഇതിന്‍റെ ഉടമ്പടി രേഖ ഉൾപ്പെടെ പുറത്തു വന്നിട്ടുണ്ട്.

നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്‍ എം വിജയന്‍റെ കുടുംബം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്‍ എം വിജയനും ഒരു അധ്യാപകനും തമ്മിലുള്ള ഉടമ്പടി രേഖയാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെയോ മറ്റ് കുടുംബാംഗങ്ങളെയോ നിയമിക്കാം എന്നാണ് ഉടമ്പടിയില്‍ പറയുന്നത്. ഐ സി ബാലകൃഷ്‌ണന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം 30 ലക്ഷം രൂപ ഒന്നാം കക്ഷിയില്‍ നിന്ന് എന്‍ എം വിജയന്‍ കൈപ്പറ്റിയതായാണ് ഉടമ്പടിയില്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ നിയമനം ലഭിക്കുന്നില്ലെങ്കില്‍ രണ്ടാം കക്ഷിയായ എന്‍ എം വിജയന്‍ വഴി ഐ സി ബാലകൃഷ്‌ണന്‍ ഒന്നാം കക്ഷിക്ക് പണം മടക്കി നല്‍കണം. ഇതിന് ഏഴ് ശതമാനം പലിശ ഈടാക്കണമെന്നും ഉടമ്പടിയില്‍ വ്യക്തമാക്കിയിരുന്നു.

ഇടപാട് എംഎല്‍എയ്ക്ക് വേണ്ടി നടക്കുന്നതിനാല്‍ സാക്ഷി വേണ്ടെന്നും ഉടമ്പടിയില്‍ സൂചിപ്പിച്ചിരുന്നു.
2019 ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് ഈ ഉടമ്പടി ഉണ്ടാക്കിയത്. ഇതിന് ശേഷം ഒന്നാം കക്ഷിയും രണ്ടാംകക്ഷിയായ എന്‍ എം വിജയനും കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. മുപ്പത് ലക്ഷം രൂപ നല്‍കിയിട്ടും ഒന്നാം കക്ഷിയുടെ മകന് മൂന്ന് ബാങ്കുകളിലും ജോലി ലഭിച്ചിരുന്നില്ല. ഇതിന് പുറമേ ജോലി വാഗ്‌ദാനം ചെയ്‌ത് വാങ്ങിയ 30 ലക്ഷം രൂപയും ഐ സി ബാലകൃഷ്‌ണന്‍ തിരിച്ചു നല്‍കിയില്ല. കരാറിന്‍റെ യഥാര്‍ത്ഥ കോപ്പി ഒന്നാം സാക്ഷി മാത്രം കൈവശംവെച്ചാല്‍ മതിയെന്ന് കരാറില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ ഉടമ്പടിയുടെ യഥാര്‍ത്ഥ കോപ്പി ഒന്നാം കക്ഷിയായ അധ്യാപകന്‍റെ കൈയിലാണുള്ളത്.

അന്വേഷണം വേണമെന്ന് സിപിഎം

അതിനിടെ എന്‍ എം വിജയന്‍റെയും മകന്‍റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കോടികള്‍ തട്ടിയെടുത്തവര്‍ എന്‍ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട്. എന്‍ എം വിജയന്‍റെ ആത്മഹത്യാ കുറിപ്പ് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാറ്റിയതായും സംശയമുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം ബത്തേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ചൊവ്വാഴ്‌ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് വിജയനും മകന്‍ ജിജേഷും മരണത്തിന് കീഴടങ്ങിയത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

ആരോപണങ്ങൾ തള്ളി ഐ സി ബാലകൃഷ്‌ണൻ

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ രംഗത്തെത്തി. പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ബാലകൃഷ്‌ണൻ പറഞ്ഞു. 'പണം നഷ്‌ടപ്പെട്ടെന്ന് കാണിച്ച് ഏതെങ്കിലും ഉദ്യോഗാർത്ഥികൾ ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ ? ഇത്തരം വാർത്തകൾക്ക് പിന്നിൽ ചില ഉപജാപക സംഘമാണ്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്‌ച എസ്‌പിക്ക് പരാതി നൽകുമെന്നും' എംഎൽഎ വ്യക്തമാക്കി.

നീതിപൂർവ്വമല്ലാതെ അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനിൽക്കാത്ത വ്യക്തിയാണ് താനെന്നും ഐ സി ബാലകൃഷ്‌ണൻ വ്യക്‌തമാക്കി. 2016 ലാണ് കെപിസിസി തന്നെ വയനാട് ജില്ലയുടെ നേതൃ സ്ഥാനത്ത് പ്രസിഡന്‍റായി നിയോഗിച്ചത്. പിന്നീടുള്ള 5 വര്‍ഷക്കാലവും താൻ നീതിപൂർവ്വമായാണ് പാർട്ടിയെ പിന്തുണച്ചിട്ടുള്ളത്. അർബൻ ബാങ്കുമായി ബന്ധപ്പെട്ട നിയമങ്ങൾ/ കൊള്ളകൾ അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് താൻ അതുകൊണ്ടുതന്നെ നിരവധി ശത്രുക്കളും തനിക്കുണ്ടെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.

2019 ൽ തന്നെ ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ കെപിസിസി പരിശോധിച്ച് വ്യാജ രേഖകൾ ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചില യോജിക്കാൻ കഴിയാത്ത കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:കോൺഗ്രസ് നേതാവ് എൻഎം വിജയന്‍റെയും മകന്‍റെയും മരണം: മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി

ABOUT THE AUTHOR

...view details