കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവർന്നു (ETV Bharat) കോഴിക്കോട് :കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വർണം കവർന്നു. ഒളവണ്ണയിലാണ് സംഭവം. മാത്തറ പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം.
കവർച്ച നടക്കുന്ന സമയം വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ചന്ദ്രശേഖരൻ വളർത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്‌ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്‍റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
നിലവിളി കേട്ട് വീട്ടിലെത്തിയ ഭർത്താവ് മോഷ്‌ടാവിനെ തടയാനുള്ള ശ്രമം നടത്തിയപ്പോൾ കത്തി വീശി. ഇതോടെ വിജയകുമാരിയുടെയും ഭർത്താവ് ചന്ദ്രശേഖരൻ നായരുടെയും കൈവിരലുകൾക്കും കൈക്കും സാരമായി മുറിവേൽക്കുകയും ചെയ്‌തു. റെയിൻ കോട്ടും മാസ്‌കും ധരിച്ചാണ് മോഷ്‌ടാവ് വീട്ടിൽഎത്തിയത് എന്നാണ് വിജയകുമാരി പറയുന്നത്.
ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്‌ധരും ഫോറൻസിക് വിഭാഗവും വീട്ടിൽ പരിശോധന നടത്തി.
Also Read : അതിഥിത്തൊഴിലാളിയുടെ ഫോൺ മോഷ്‌ടിച്ചു; രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിൽ - Arrested for mobile phone theft