കേരളം

kerala

ETV Bharat / state

താമരശ്ശേരിയിൽ വീട് കയറി ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ - House Attack In Thamarassery

താമരശേരിയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. അക്രമത്തില്‍ 25 പേർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

വീട് കയറി ആക്രമണം  രണ്ട് പേർ അറസ്‌റ്റിൽ  കോഴിക്കോട് താമരശ്ശേരി  HOUSE ATTACK IN THAMARASSERY
വീട് കയറി ആക്രമണം, രണ്ട് പേർ അറസ്‌റ്റിൽ

By ETV Bharat Kerala Team

Published : Apr 13, 2024, 1:30 PM IST

കോഴിക്കോട്:താമരശ്ശേരി പരപ്പൻപൊയിലിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്‌റ്റില്‍. താമരശ്ശേരി പരപ്പൻ പൊയില്‍ കതിരോട് കല്ലുവെട്ടുകുഴി മുഹമ്മദ് ഷഹല്‍, കാരാടി മുനീർ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷഹല്‍. അക്രമത്തില്‍ 25 പേർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

സംഭവത്തിലെ ഒന്നാം പ്രതി മുഹമ്മദ് ഷഹല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസിനെ വകവയ്‌ക്കാതെ താമരശേരിയില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നതിന്‍റെ തുടര്‍ച്ചയാണ് സംഭവം. ആക്രമണത്തിനിടെ എസ്‌ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പരപ്പന്‍പൊയില്‍ കതിരോട് പൂളക്കല്‍ നൗഷാദിന്‍റെ വീടാണ് ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച അക്രമികളില്‍ ഒരാളുടെ വാഹനത്തിന് പിന്നില്‍ നിന്ന് നൗഷാദ് തന്‍റെ ഓട്ടോറിക്ഷയുടെ ഹോണ്‍ മുഴക്കിയതാണ് അക്രമത്തിന് കാരണം. രാത്രി വീട്ടിലെത്തിയ നൗഷാദിനെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. നൗഷാദ് പരാതിപ്പെട്ടെങ്കിലും കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാനായിരുന്നു താമരശേരി പൊലീസിന്‍റെ വിചിത്ര നിര്‍ദേശം.

പെരുന്നാള്‍ ദിനം നൗഷാദിന്‍റെ ബന്ധുക്കള്‍ വീട്ടിലെത്തിയിരുന്നു. ബന്ധുക്കളിലൊരാള്‍ അക്രമി സംഘാംഗവുമായി വാക്കുതര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നൗഷാദും ബന്ധുക്കളും പൊലീസില്‍ പരാതിപ്പെട്ട് വീട്ടില്‍ മടങ്ങി എത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്ന എസ്‌ഐയേയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും നോക്കുകുത്തിയാക്കിയായിരുന്നു ഗുണ്ടകളുടെ അഴിഞ്ഞാട്ടം. വീടിന്‍റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ നൗഷാദിന്‍റെ രണ്ട് ഓട്ടോറിക്ഷകളും ബന്ധുക്കളുടെ കാറും തകര്‍ത്തു. കേസില്‍ പ്രധാന പ്രതി മുഹമ്മദ് ഷഹലിന് പുറമെ കണ്ടാലറിയാവുന്ന 24 പേര്‍ക്കെതിരേയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ALSO READ : ഗാസയിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 29 പേർ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details