കണ്ണൂർ: 'ആരോരുമില്ലാത്തവരെന്ന് ആര് പറഞ്ഞു...? ഞങ്ങളില്ലേ...' ഈ അടുത്തായി ഡോക്‌ടർ ഷാഹുൽ ഹമീദിൻ്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കാണാനിടയായി. ആ കുറിപ്പാണ് കണ്ണൂരിലെ ഹോപ്പ് എന്ന് പേരുള്ള കെയർ ഹോമിലേക്ക് ഇടിവി ഭാരത് റിപ്പോർട്ടറെ എത്തിച്ചത്. കുറിപ്പ് ഇങ്ങനെ ആയിരുന്നു.
മൂന്നു ദിവസത്തെ മോർച്ചറിയിലെ കാത്തിരിപ്പിന് ശേഷം ശ്രീധരേട്ടനെ പൊതുദർശനത്തിനായി ഹോപ്പിലേക്കു കൊണ്ട് വന്നു. ആരോരുമില്ലാത്ത ആൾ എന്നതിൽ നിന്നും സഹോദരൻ്റെ മകനിലേക്ക് വരെ അന്വേഷണം ചെന്നെത്തി. എന്നിട്ടും ആർക്കും കാണാനോ അവസാന കർമ്മങ്ങളിൽ പങ്കെടുക്കാനോ താൽപര്യപ്പെട്ടില്ല. കിട്ടാവുന്നതിൽ ഏറ്റവും നല്ല പൂക്കളുപയോഗിച്ച് ഒരു റീത്തും കൊണ്ടാണ് ഞാൻ പോയത്. അവസാനമായി നൽകുന്നത് അല്ലെ.
ഇനി ആ മനുഷ്യൻ ഒരു ആവശ്യത്തിനും എന്നെ വിളിക്കില്ലല്ലോ. വിളിക്കുമ്പോളൊക്കെ പറയും, സാറിൻ്റെ ശബ്‌ദം കേട്ടാൽ ഒരു സമാധാനം ആണ് എന്ന്. അത് കൊണ്ട് എന്ത് തിരക്കാണെങ്കിലും സാർ എൻ്റെ ഫോൺ എടുക്കാതെ നിൽക്കരുത് എന്ന് പറയുമായിരുന്നു. ഇനി ആ വിളികൾ ഇല്ല....
6-7 വർഷമായി ശ്രീധരേട്ടൻ എന്നെ പരിചയപ്പെട്ടിട്ട്. പയ്യന്നൂരിലെ ശ്രീധരേട്ടനെ കുറിച്ച് ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെടുത്തിയത് പയ്യന്നൂരിലെ രതീഷ് ആയിരുന്നു. അന്ന് മുതൽ ഞാൻ സപ്പോർട്ട് ചെയ്യുന്നതാണ് ശ്രീധരേട്ടനെ. രണ്ട് മൂന്നു വർഷം മുമ്പ് ഒരു അപകട ഇൻഷുറൻസ് പോളിസിയിൽ നോമിനിയായി എൻ്റെ പേര് കൊടുക്കാൻ എന്നോട് ഡീറ്റെയിൽസ് എഴുതി വാങ്ങുമ്പോൾ ഞാൻ ചോദിച്ചു, ശ്രീധരേട്ടന് എന്തെങ്കിലും പറ്റിയിട്ടു ഞങ്ങൾക്കെന്തിനാ പണം?
ബാങ്കിൽ അക്കൗണ്ട് ഉള്ളത് കൊണ്ട് ഫ്രീ ആയുള്ള പോളിസി ആണ്. എനിക്കും ആളുണ്ടെന്നു അവർ അറിഞ്ഞോട്ടെ സാറേ.... എൻ്റെ നോമിനി സാറാ... ഇന്ന് അതോർക്കുമ്പോൾ അന്നേ അദ്ദേഹത്തിനു അറിയാമായിരിക്കണം എന്നെ തേടി ഒരു ബന്ധുവും വരില്ലെന്ന്.
ശ്‌മശാനത്തേക്കെത്തി.. ദഹിപ്പിക്കാനായി തയാറാക്കിയ, പെട്ടി പോലെ തോന്നിക്കുന്ന ചിതയിലേക്ക്.. അവിടുള്ള ഒരാൾ ഇവരുടെ അവകാശി ആരാണെന്നു ചോദിച്ചു. 2-3 പേര് ഉത്തരം പറഞ്ഞു, ആരുമില്ല ആരും വന്നില്ല എന്ന്... ഞാനുണ്ട് എന്ന് പറഞ്ഞു ഞാൻ മുന്നോട്ട് നീങ്ങി നിന്നു. കൂടെ ഹോപ്പിൻ്റെ ജയമോഹൻ സാറും പ്രിയേഷും അനുഗമിച്ചു. ജീവിതത്തിൽ ആദ്യമായി കയ്യിൽ ചിതക്കു തീ കൊളുത്താനുള്ള തീയുമായി ഞാൻ മുന്നോട്ട് നടന്നു.
മനസിൽ ഒറ്റ വിചാരം മാത്രം.. ആ മനുഷ്യനെ അനാഥനാക്കാൻ പാടില്ല. അങ്ങിനെ ശരിക്കും ഞാൻ ശ്രീധരേട്ടൻ്റെ നോമിനിയായി. ചിതക്കു തീ കൊളുത്തിയതിനു ശേഷം മറ്റുള്ള ഭാഗങ്ങളിലേക്ക് ജയമോഹൻ സാറും പ്രിയേഷും തീ കൊളുത്തി. ദൃക്‌സാക്ഷികളായി കുറച്ചു മനുഷ്യ സ്നേഹികളും.
ചെയ്‌തത് ശരിയാണോ എന്നറിയില്ല. മതം എന്ത് പറയും എന്നൊന്നും ഞാൻ നോക്കിയില്ല. 6-7 വർഷമായി എന്നെ സ്നേഹിച്ചു കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യനെ അനാഥനായി പറഞ്ഞയക്കാൻ കഴിയില്ലായിരുന്നു. എന്നാലും അവസാന നിമിഷം വരെ ഞാൻ ആഗ്രഹിച്ചിരുന്നു ശ്രീധരേട്ടൻ്റെ ഏതെങ്കിലും ഒരു ബന്ധു വന്നിരുന്നെങ്കിൽ എന്ന്. ശ്രീധരേട്ടൻ എന്താണ് ആഗ്രഹിച്ചതെന്നു നമുക്ക് അറിയില്ല. എന്നാലും നമ്മുടെ ഉത്തരവാദിത്തം നിറവേറ്റി എന്ന വിശ്വാസത്തോടെ ശ്രീധരേട്ടൻ്റെ ആത്മാവിൻ്റെ ശാന്തിക്കു വേണ്ടി പ്രാർഥനയോടെ ഡോ. ശാഹുൽ ഹമീദ്.
2025 ജനുവരി 9-ാം തീയതി ഡോക്‌ടർ ഷാഹുൽ ഹമീദ് ഫേസ്‌ബുക്കിൽ കുറിച്ച ഹൃദയസ്‌പർശിയായ വരികളാണിവ. ഈ വരികളാണ് ഞങ്ങളെ ഹോപ്പ് കെയർ ഹോമിൻ്റെ മുന്നിലെത്തിച്ചത്.