തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈ ഭാഗത്തേക്ക് വെറും 26 മണിക്കൂര്‍ നേരം കൊണ്ടാണ് സൈന്യം ബെയ്‌ലി പാലം തീര്‍ത്തത്. 24 ടണ്‍ ഭാരം വഹിക്കാവുന്ന 190 അടിയോളം നീളമുള്ള ബെയ്‌ലി പാലം വയനാട്ടില്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ദുരന്തഭൂമിയില്‍, യുദ്ധഭൂമിയില്‍, അടിയന്തര സാഹചര്യങ്ങളില്‍ എന്നും തുണയായി എത്തുന്ന എഞ്ചിനിയറിങ് വിസ്‌മയമായ ബെയ്‌ലി പാലം സംസ്ഥാനത്ത് ഇതാദ്യമല്ല പട്ടാളം ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിക്ക് കീഴിലുള്ള മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പിലെ എന്‍ജിനിയറിങ് ടാസ്‌ക് ഫോഴ്‌സാണ് ബെയ്‌ലി പാലം നിര്‍മിക്കുക. ആര്‍മി ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യുവിന്‍റെ നേതൃത്വത്തിലുള്ള 300 അംഗ സംഘമാണ് വയനാട്ടില്‍ ബെയ്‌ലി പാലം നിര്‍മിച്ചത്.
Bailey Bridge (Etv Bharat) ബെയ്‌ലി എന്ന പേരിന് പിന്നില്‍: 1940 കളില്‍ ബ്രിട്ടീഷ് വാര്‍ ഓഫിസിലെ സിവില്‍ സെര്‍വന്‍റായി സേവനമനുഷ്‌ടിച്ചിരുന്ന ഡൊണാള്‍ഡ് ബെയ്‌ലിയാണ് ബെയ്‌ലി പാലമെന്ന എന്‍ജിനിയറിങ് വിസ്‌മയം ആദ്യമായി അവതരിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം സ്വാതന്ത്ര്യാനന്തരമാണ് ഉപയോഗിച്ച് തുടങ്ങുന്നത്. ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണ രീതിയേയും അവയുടെ ഉപയോഗത്തെയും കുറിച്ച് വിശദീകരിക്കുകയാണ് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഡിഫന്‍സ് പിആര്‍ഒ സുധ എസ് നമ്പൂതിരി.
എന്താണ് ബെയ്‌ലി പാലം? :ചെറുകണ്ണികള്‍ തമ്മില്‍ ബന്ധിപ്പിച്ച് ടണ്‍ കണക്കിന് ഭാരം വഹിക്കാന്‍ ശേഷിയുള്ള വന്‍ പാലങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ബെയ്‌ലി പാലങ്ങള്‍. ക്രെയിനുകളോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കാതെ മനുഷ്യരുടെ കൂട്ടായ പരിശ്രമത്തില്‍ വളരെ കുറച്ച് സമയം കൊണ്ട് ബെയ്‌ലി പാലം നിര്‍മിക്കാനും അഴിച്ച് മാറ്റാനുമാകും. പാലത്തിന്‍റെ ഭാഗങ്ങള്‍ ട്രക്കുകളിലാക്കി മറ്റിടങ്ങളിലേക്ക് കൊണ്ടു പോകാം. സ്റ്റീല്‍ അലോയ് ഉപയോഗിച്ചാണ് ബെയ്‌ലി പാലത്തിന്‍റെ ഭാഗങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.
Bailey Bridge (Etv Bharat) 3 മീറ്റര്‍ നീളമുള്ള പാനലുകള്‍, 260 കിലോയോളം ഭാരവും 1.5 മീറ്റര്‍ നീളവുമുള്ള പാനലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്ലോക്കുകള്‍ എന്നിവയാണ് ബെയ്‌ലി പാലത്തിന്‍റെ പ്രധാന ഭാഗങ്ങള്‍. ഇവയുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ പാലത്തിന്‍റെ ബലവും വര്‍ധിക്കും. സ്റ്റീല്‍ തമ്മില്‍ വെല്‍ഡ് ചെയ്‌താണ് പാനലുകള്‍ നിര്‍മിക്കുക. ഈ പാനലുകളുടെ മുകളിലും താഴെയും ബ്ലോക്കുകള്‍ ബന്ധിപ്പക്കാനാകും.
ഒരു പുഴയുടേയോ അഗാധമായ കുഴിയുടെയോ ഒരു ഭാഗത്ത് നിന്നു മാത്രം പാലം നിര്‍മിക്കാനാകുമെന്നതാണ് ബെയ്‌ലി പാലത്തിന്‍റെ മറ്റൊരു സവിശേഷത. ലോഞ്ചിങ് നോസ് എന്ന സാങ്കേതികതയിലൂടെ പാലത്തിന്‍റെ മറുഭാഗം റോളറുകള്‍ അടിയില്‍ സ്ഥാപിച്ച് മറുകരയിലെത്തിക്കാനാകും. ഇതിന് ശേഷം പാനലുകള്‍ സ്ഥാപിച്ച് പാലത്തെ ശക്തിപ്പെടുത്തണം.
കേരളത്തില്‍ ബെയ്‌ലി പാലം എപ്പോഴൊക്കെ? :1996 പത്തനംതിട്ടയിലെ റാന്നിയിലാണ് ആദ്യമായി ബെയ്‌ലി പാലം സൈന്യം നിര്‍മിക്കുന്നത്. പമ്പ നദിയിലെ ഇരുകരകളിലുമായുള്ള റാന്നി ടൗണിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നപ്പോഴായിരുന്നു ആദ്യമായി ബെയ്‌ലി പാലം സംസ്ഥാനത്ത് സൈന്യം നിര്‍മിക്കുന്നത്. തകര്‍ന്ന പാലം പുനര്‍നിര്‍മിക്കുന്നത് വരെ രണ്ട് വര്‍ഷത്തോളം ഇവിടെ ബെയ്‌ലി പാലം ഉപയോഗത്തിലുണ്ടായിരുന്നു. പിന്നീട് 2011 ശബരിമലയിലും 2017 ല്‍ പത്തനംതിട്ടയില്‍ ഏനാത്തിലും സൈന്യം ബെയ്‌ലി പാലം നിര്‍മിച്ചു.
Bailey Bridge (Etv Bharat) ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങുന്ന ഭക്തരെ മാളികപ്പുറം ക്ഷേത്ത്രിന് പിന്നിലൂടെ ചന്ദ്രാനന്ദന്‍ റോഡിലേക്ക് എത്തിക്കാനാണ് ശബരിമലയില്‍ ബെയ്‌ലി പാലം നിര്‍മിച്ചിരുന്നത്. പത്തനംതിട്ട, ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കല്ലടിയാറിന് മുകളിലൂടെ എം സി റോഡില്‍ ബെയ്‌ലി പാലം നിര്‍മിക്കുന്നത്. 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇവിടെ ബെയ്‌ലി പാലം ഉപയോഗത്തിലുണ്ടായിരുന്നു.
വയനാട് ബെയ്‌ലി പാലത്തിന്‍റെ സവിശേഷതകള്‍ :ഉരുള്‍പൊട്ടലില്‍ വേര്‍പ്പെട്ട ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കാനാണ് സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബെയ്‌ലി പാലം സ്ഥലത്ത് നിര്‍മിച്ചത്. ബുധനാഴ്‌ച വൈകിട്ട് 3 മണിയോടെ കനത്ത മഴയിലും പ്രതികൂല സാഹര്യത്തിലുമാണ് സൈന്യം പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള 190 അടി നീളമുള്ള ബെയ്‌ലി പാലമാണ് സൈന്യം വയനാട്ടില്‍ നിര്‍മിച്ചത്.
Bailey Bridge (Etv Bharat) 160 എന്‍ജിനിയര്‍മാരും സൈനികരുമാണ് പാലം നിര്‍മിച്ചത്. ആര്‍മി ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു കനത്ത പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ചുള്ള രാവും പകലം നീണ്ട പാലം നിര്‍മാണം. സൈന്യത്തിന്‍റെ ജീപ്പും ആംബുലന്‍സും ട്രക്കുമാണ് പാലം പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി പാലത്തിലൂടെ സഞ്ചരിച്ചത്.
Also Read: രണ്ടായി വേര്‍പ്പെട്ട നാടുകളെ ബന്ധിപ്പിച്ച് ബെയ്‌ലി പാലം; നിര്‍മാണവും പരിശോധനയും പൂര്‍ത്തിയായി