കാസർകോട്: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം മാത്രം 2,54,416 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സെപ്റ്റംബർ ഒന്ന് മുതൽ 26 വരെയുള്ള കണക്കാണിത്.
പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയവരില്‍ രണ്ടു പേർ മരിച്ചു. 1899 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതിൽ മൂന്നുപേർ മരിച്ചു. 339 എലിപ്പനി സ്ഥിരീകരിച്ചു. 24 പേർ മരണത്തിന് കീഴടങ്ങി.
കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും എലിപ്പനി, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരും നിരവധിയുണ്ട്. ഓരോ ദിവസവും പതിനായിരത്തിലധികം രോഗികളാണ് ആശുപത്രികളിൽ എത്തുന്നത്. സ്വകാര്യ ആശുപത്രികളിലും ദിനംപ്രതി ആയിരത്തിലധികം ആളുകൾ ചികിത്സ തേടുന്നുണ്ട്.
കൂടുതൽ ആളുകൾ പനി പിടിച്ച് ചികിത്സ തേടുന്നത് മലപ്പുറം ജില്ലയിലാണ്. 24, 25, 26 തീയതികളിൽ 2165, 2118, 1725 എന്നിങ്ങനെയാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം. ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, ശരീരവേദന, തലവേദന എന്നിവയാണ് പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ.
പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതിയുള്ള കണക്കു പരിശോധിക്കുമ്പോള്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനവാണുള്ളത്. പനിക്ക് പുറമെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്ഷീണമാണ് രോഗികളെ അലട്ടുന്നത്.
വിവിധ തരം പനികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്നും ഡോക്‌ടർമാരുടെ നിർദേശപ്രകാരം മാത്രമേ മരുന്നു കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വിഭാഗം നിർദേശിക്കുന്നു.
ഡോക്‌ടര്‍മാരില്ലാതെ ആശുപത്രികള്‍ :
സംസ്ഥാനത്തെ പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മതിയായ ഡോക്ടർമാര്‍ ഇല്ലെന്നും പരാതി ഉയരുന്നുണ്ട്.
രണ്ട് ഡോക്‌ടർമാരുടെ സേവനം വേണ്ട സിഎച്ച്സികളിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. അതുകൊണ്ട് ഉച്ചവരെ മാത്രമാണ് ഒപിയുള്ളത്. ഉച്ച കഴിഞ്ഞ് ആശുപത്രിയിൽ എത്തുന്നവർ ചികിത്സ ലഭിക്കാതെ മടങ്ങുന്നത് പതിവായിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് സിഎച്ച്സികളിലും പിഎച്ച്സികളിലും ചികിത്സതേടി എത്തുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ല ആശുപത്രികളില്‍ വരെ ഈ പ്രശ്‌നം നിലനില്‍ക്കുകയാണ്. ആര്‍ദ്രം മിഷന്‍റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍ കൂടുതല്‍ പേരും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാനും തുടങ്ങി. എന്നാല്‍ ആവശ്യത്തിന് നഴ്‌സുമാരെയും ഡോക്‌ടര്‍മാരെയും നിയമിക്കാത്തത് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുകയാണ് എന്നും ആക്ഷേപം ഉണ്ട്.
പലയിടത്തും ലാബ് സൗകര്യമുണ്ടെങ്കിലും ലാബ് ടെക്‌നീഷ്യന്‍ നിയമനങ്ങള്‍ നടക്കുന്നില്ല. നിലവിലെ ലിസ്റ്റിലുള്ളവരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. താത്‌കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തിയാണ് പലയിടത്തും പ്രവര്‍ത്തനം കൊണ്ടുപോകുന്നത്.
നിലവില്‍ 1961ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം അന്നത്തേതില്‍ നിന്ന് പതിന്‍മടങ്ങ് വര്‍ധിച്ചെങ്കിലും ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ചിട്ടില്ല.
എലിപ്പനി രോഗ ലക്ഷണങ്ങള്‍ :കടുത്ത പനി, തലവേദന, പേശിവേദന, കണ്ണ് ചുവന്നുതടിക്കല്‍, മൂക്കിലൂടെ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എലിപ്പനി ബാധിക്കുന്ന എല്ലാവരിലും ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമായെന്ന് വരില്ല. പത്ത് ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്.
രോഗാണു ഉള്ളില്‍ കടന്നാല്‍ പ്രതിരോധ ശക്തി അനുസരിച്ച് രോഗ തീവ്രത ഏറിയും കുറഞ്ഞും അനുഭവപ്പെടാം. എലിപ്പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. കൃത്യമായ രോഗം നിര്‍ണയം അസുഖം ഭേദമാക്കാനുള്ള സാധ്യതകളും വര്‍ധിപ്പിക്കും.
രക്തവും മൂത്രവും പരിശോധിക്കുന്നതിലൂടെ കൃത്യമായ രോഗനിര്‍ണയം സാധ്യമാണ്. എലിപ്പനിയുടെ അണുക്കള്‍ രോഗത്തിന്‍റെ ആദ്യഘട്ടത്തില്‍ രക്തത്തിലും രോഗബാധയേറി വരുന്നതനുസരിച്ച് മൂത്രത്തിലും കാണാറുണ്ട്.
ചികിത്സ തേടാൻ വൈകുന്നത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു.
ഡെങ്കിപ്പനി രോഗ ലക്ഷണങ്ങള്‍ : ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസം മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ലക്ഷണങ്ങൾ.
Also Read: എം പോക്‌സ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം, രോഗ ലക്ഷണങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടണം: മന്ത്രി വീണാ ജോര്‍ജ്