Malayora Highway Construction ഇടുക്കി :മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായിമണ്ണ് തള്ളിയത് കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുമെന്ന ആശങ്കയിൽ 10 ഓളം കുടുംബങ്ങൾ. കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാത മലയോര ഹൈവേ ആയി ഉയർത്തുന്നതിന്‍റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിന്‍റെ ഭാഗമായി നീക്കം ചെയ്‌ത മണ്ണ് വെള്ളിലാം കണ്ടത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് തള്ളുന്നത്. വലിയ തോതിൽ മണ്ണ് തള്ളിയതോടെയാണ് റോഡിന് അടിഭാഗത്ത് താമസിക്കുന്ന ആളുകൾ പരാതി ഉയർത്തിയത് (Highway Construction Soil Dumping issue).
മഴ പെയ്യുന്ന സാഹചര്യത്തിൽ കൂട്ടിയിട്ട മണ്ണ് തോട്ടിലേക്ക് ഒലിച്ചിറങ്ങി തോട് അടയാന്‍ കാരണമാകും. ഇങ്ങനെ സംഭവിച്ചാൽ തോട് ഗതിമാറി കൃഷിയിടങ്ങളിലേക്ക് ഒഴുകും. മേഖലയിലെ കുടുംബങ്ങൾ പ്രധാനമായും കൃഷിയിടങ്ങളിൽ നിർമിച്ചിട്ടുള്ള കുടിവെള്ള സ്രോതസ്സുകളെയാണ് ആശ്രയിക്കുക്കുന്നത്. തോട് കൃഷിയിടത്തിൽ കയറിയൊഴുകിയാൽ കിണറുകളിൽ അടക്കം മലിനജലം ഒഴുകിയെത്തും എന്നാണ് പ്രദേശവാസിളുടെ പരാതി.
പരാതി അറിയിച്ചിട്ടും കരാറുകാർ വീണ്ടും മണ്ണ് തള്ളുന്ന സമീപനമാണ് സ്വീകരിച്ചത്. മണ്ണ് നീക്കം ചെയ്യാം എന്ന് പറഞ്ഞിട്ടും നടപടികൾ ഉണ്ടായില്ല. ശക്തമായി മഴ പെയ്‌താൽ റോഡിന്‍റെ അടിവശത്തെ വീട്ടിലേക്ക് വലിയ തോതിൽ മണ്ണ് ഇടിഞ്ഞു കേറുമോയെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
കൈത്തോടിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സംരക്ഷണ ഭിത്തി കെട്ടിയാൽ വിഷയത്തിൽ പരിഹാരമാകുമെങ്കിലും അതിനുള്ള നടപടികൾ ആരും സ്വീകരിക്കുന്നില്ല. നിലവിൽ വലിയ കല്ലുകളും മരക്കുറ്റികളും കൈത്തോട്ടിലേക്ക് പതിച്ചിട്ടുണ്ട്. മണ്ണ് തള്ളുന്ന സന്ദർഭത്തിൽ പാറക്കല്ലുകൾ ഉരുണ്ടുവരുന്നത് കൃഷിയിടത്തിൽ പണി ചെയ്യുന്നവര്‍ക്കും ഭീഷണിയാണ്.
ഇനി മണ്ണ് തള്ളാതിരിക്കാനും, നിക്ഷേപിച്ച മണ്ണ് ഒലിച്ചിറങ്ങാതിരിക്കാനും നടപടി സ്വീകരിക്കണമെന്നാണ് പത്തോളം കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗത്തോട് പരാതി അറിയിച്ചപ്പോൾ ഒന്നും ചെയ്യാനില്ല എന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴികാട്ടിൽ പറഞ്ഞു.