ഇടുക്കി: നേര്യമംഗലം മുതൽ വാളറ വരെയുളള 14.5 കി.മി ദൂരം വനം വകുപ്പിന് അവകാശമില്ലെന്ന് വിധിച്ച് ഹൈക്കോടതി. ഇടുക്കി സ്വദേശികൾ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്‌താവിച്ചത്. പ്രസ്‌തുത റോഡ് രാജഭരണ കാലം മുതൽ തന്നെ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തതാണ്. അതിനാൽ നിലവിലുള്ള റോഡിൻ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടിവീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ല. അത്രയും ഭാഗം അളന്ന് കുറ്റിവെച്ച് മാറ്റിയിടണമെന്നായിരിന്നു ഹർജി. വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് ഈ നൂറടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നും, യാതൊരു കാരണവശാലും വനം വകുപ്പ് റോഡ് പണിക്കു തടസ്സം നിൽക്കാൻ പാടില്ലെന്ന് വിധി പ്രസ്‌താവിച്ചു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും, ഇടുക്കി, എറണാകുളം ജില്ലകളുടെ ജീവനാഡിയുമായ കൊച്ചി - ധനുഷ്‌കോടി നാഷണൽ ഹൈവേ (എൻഎച്ച് 85) 980 കോടി രൂപ മുടക്കിൽ നവീകരിക്കുകയാണ്. എന്നാൽ ഈ റോഡിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നും, ആയതുകൊണ്ട് നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിങ് നടത്തുവാനോ, കാനകൾ നിർമിക്കുന്നതിനോ, സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലായെന്ന് പറഞ്ഞ് വനം വകുപ്പ് റോഡ് പണി തടസപ്പെടുത്തിയതാണ് സംഭവത്തിന് തുടക്കം.