എറണാകുളം :കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്‌നാട് തിരുനെൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ നടപടിയുമായി കേരളാ ഹൈക്കോടതി. വിഷയത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഇടപെടൽ.
തമിഴ്‌നാട് തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ തദ്ദേശ വകുപ്പ് സെക്രട്ടറി ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്‌റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
ആർസിസി, ഉള്ളൂരിലെ മറ്റൊരു ആശുപത്രി എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യമായിരുന്നു തിരുനെൽവേലിയിലെ വിവിധയിടങ്ങളിൽ തള്ളിയത്. ഈ മാലിന്യം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്‌തിരുന്നു. മാലിന്യം തളളിയ സംഭവത്തിൽ സ്വീകരിച്ച നടപടികളടക്കമാണ് തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.