എറണാകുളം: മക്കളുടെ സംരക്ഷണാവകാശ തർക്കത്തിൻ്റെ പേരിൽ ഭാര്യമാർ, ഭർത്താക്കന്മാരെ പോക്സോ കേസിൽ അകപ്പെടുത്തുന്നത് കണ്ടുവരുന്നതിനാൽ ജാഗ്രത പുലർത്താൻ പോക്സോ കോടതികൾക്ക് നിർദേശം നൽകി ഹൈക്കോടതി. മകളോട് അച്ഛൻ ലൈംഗികാതിക്രമം കാട്ടിയെന്ന വ്യാജ പരാതി നൽകിയ അമ്മയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
വൈവാഹിക പ്രശ്‌നങ്ങളും, മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ച തർക്കവും ഉണ്ടെങ്കിൽ ഭർത്താവിനെതിരെ ഭാര്യ നൽകുന്ന പോക്സോ പരാതികൾ കൈകാര്യം ചെയ്യുമ്പോൾ കർശന ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തെ പോക്സോ കോടതികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്.
മൂന്ന് വയസ്സുകാരിയായ മകളോട് പിതാവ് ലൈംഗികാതിക്രമം കാട്ടിയെന്ന തിരുവനന്തപുരം സ്വദേശിനിയുടെ വ്യാജ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടപെടൽ. യുവതിയും ഭർത്താവും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങളും, കുട്ടിയുടെ സംരക്ഷണാവകാശ തർക്കവും നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഭർത്താവിനെതിരെ ഭാര്യ വ്യാജ പോക്സോ പരാതി നൽകിയത്. 2015 ഏപ്രിലിൽ സംഭവിച്ചുവെന്നു പറയപ്പെടുന്ന കുറ്റകൃത്യത്തിൽ ജൂലൈ മാസത്തിലായിരുന്നു പരാതി നൽകിയത്.