എറണാകുളം :പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്‌ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി (The Division Bench of Kerala High Court). കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പിഡബ്ല്യുഡി മാനുവല്‍ അനുസരിച്ച് കമ്പനിയെ അഞ്ച് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി (Palarivattom Flyover RDS Project Case). ആര്‍ഡിഎസ് പ്രൊജക്‌ട് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് കോടതി വിധി വന്നത്.
പാലാരിവട്ടം മേൽപ്പാലം ക്രമക്കേട് പരിഹരിക്കുന്നതിൽ കരാർ കമ്പനി വീഴ്‌ച വരുത്തിയെന്നും സർക്കാറിന് ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടാക്കിയെന്നും കണ്ടെത്തിയായിരുന്നു കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്. പൊതുമാരാമത്ത് വകുപ്പിന്‍റെ തീരുമാനം അനുസരിച്ചായിരുന്നു ആർഡിഎസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സർക്കാരിന്‍റെ ഈ നടപടി ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു.
തുടർന്നാണ് ആർഡിഎസ് അപ്പീൽ നൽകിയത്. തങ്ങളുടെ വാദം കേൾക്കാൻ സർക്കാർ തയ്യാറായില്ല. രാഷ്ട്രീയ പ്രേരിതമായിട്ടായിരുന്നു സർക്കാർ നടപടിയെന്നും ആർഡിഎസ് അപ്പീലിൽ വ്യക്തമാക്കിയിരുന്നു. 2023 ഫെബ്രുവരിയിലാണ് ആർഡിഎസിന് വിലക്കേര്‍പ്പെടുത്തിയത്.
പാലാരിവട്ടം പാലത്തിന്‍റെ നിർമാണത്തില്‍ ആർഡിഎസിന്‍റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ഇതേതുടർന്ന് രജിസ്റ്റർ ചെയ്‌ത കേസിൽ ആര്‍ഡിഎസ് എംഡി സുമിത് ഗോയൽ ഒന്നാം പ്രതിയും ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് പണികഴിഞ്ഞ പാലാരിവട്ടം പാലത്തിന്‍റെ നിർമാണ കരാർ ആർഡിഎസ് പ്രൊജക്‌ട് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാൻ അന്നത്തെ മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയിരുന്നു എന്നായിരുന്നു വിജിലൻസിന്‍റെ വാദം. 13 പേരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.