എറണാകുളം:ശബരിമലയിലേക്ക് പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വണ്ടിപ്പെരിയാർ പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല വഴിയും തീർഥാടകർ സഞ്ചരിക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പാടില്ലെന്നാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഈ പാതകളിലൂടെ തീർഥാടകർ സഞ്ചരിക്കുന്നില്ലെന്ന് ജില്ലാ കളക്‌ടർമാർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശം നൽകി.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്‌ടർമാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്ന് മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചായിരുന്നു ഇടുക്കി ജില്ലാ കളക്‌ടർ വി വിഗ്നേശ്വരിയുടെ ഉത്തരവ്. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയായിരുന്നു നിരോധനം.
ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാൽ തീർഥാടകർ ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ, മുറിച്ചു കടക്കാനോ പാടില്ല എന്നും നിര്‍ദേശമുണ്ട്.