സസ്യലായനി പരീക്ഷിച്ച് വിജയം വരിച്ച് കര്‍ഷകനായ മാറോളി പത്മനാഭന്‍ കണ്ണൂര്‍ : വന്യജീവി ശല്യം കാരണം വിളകള്‍ സംരക്ഷിക്കാനാവാതെ കര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍ വയനാട്ടില്‍ നിന്നിതാ ഒരു ശുഭ വാര്‍ത്ത. കമ്പിവേലിയും വൈദ്യുത വേലിയും തോക്കുമൊക്കെ പരീക്ഷിച്ച് പരാജയമടഞ്ഞ കര്‍ഷകര്‍ക്ക് ആശ്വാസമായി ഹെര്‍ബോലിവ് സസ്യലായനി പരീക്ഷിച്ച് വിജയം വരിച്ചിരിക്കുകയാണ് കണ്ണൂര്‍ മട്ടന്നൂരിലെ കര്‍ഷകനായ മാറോളി പത്മനാഭന്‍.
കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ പത്മനാഭന്‍റെ പരീക്ഷണം മറ്റുളളവര്‍ക്കും പ്രചോദനമാവുകയാണ്. വയനാട് ജില്ലയിലെ പൊഴുതനയില്‍ പത്മനാഭന് നാല് ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. അതില്‍ ഇടവിളയായി ഓറഞ്ചും അവക്കാഡോയും കൃഷി ചെയ്യുന്നുണ്ട്.
ഒരു വെടിക്ക് രണ്ടുപക്ഷി എന്നു പറയും പോലെ വന്യജീവികളെ തുരത്തുന്നതിനോടൊപ്പം തന്നെ ചെടികളുടെ വളര്‍ച്ചയും ത്വരിതപ്പെടുത്താന്‍ ഹെര്‍ബോലിവ് എന്ന ലായനിക്ക് കഴിഞ്ഞെന്ന് ഈ കർഷകൻ പറയുന്നു. ഏതാണ്ട് ഒരു വർഷം പിന്നിട്ടപ്പോൾ മുമ്പുണ്ടായിരുന്ന വിളകളുടെ ഉത്‌പാദനം ഇരട്ടിയോളമായി. ഓറഞ്ചും അവക്കാഡോയും കാപ്പിയും ആ പട്ടികയിൽ ഇടം പിടിക്കും.
രക്ഷകനായി ഹെര്‍ബോലിവ് : ഈ സസ്യലായനി പരീക്ഷിക്കാൻ അദ്ദേഹത്തിന് ഒരു കാരണവുമുണ്ട്. ഓറഞ്ചും അവക്കാഡോയും വിളയും മുൻപ് തന്നെ കുരങ്ങന്‍മാരുടെ കൂട്ടം നശിപ്പിച്ചിരുന്നു. കാപ്പി തോട്ടത്തിലേക്ക് കാട്ടുപോത്തും പന്നിയും കടന്ന് കാപ്പിച്ചെടി ഉള്‍പ്പടെ നശിപ്പിക്കുന്നതും പതിവായി. വന്യജീവികളെ പ്രതിരോധിക്കാനുളള എല്ലാ തന്ത്രവും പരാജയപ്പെട്ടപ്പോള്‍ 'ഹെര്‍ബോലിവ്' എന്ന ലായനിയെക്കുറിച്ച് അദ്ദേഹം കേട്ടറിഞ്ഞു.
അതിനെക്കുറിച്ചുളള അന്വേഷണം കോയമ്പത്തൂര്‍ വരെയെത്തി. വന്യജീവികളെ നോവിക്കാതെ അവര്‍ക്ക് ജീവഹാനി വരുത്താതെ ഹെര്‍ബോലിവ് എന്ന ലായനി വെളളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ തോട്ടത്തെ സംരക്ഷിക്കാമെന്ന് മനസ്സിലാക്കി. 75 കാരനായ പത്മനാഭന്‍ അത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരമുള്ള ഹെര്‍ബോലിവ് നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ടു.
അഞ്ച് ലിറ്റര്‍ വീതമുള്ള നാല് ക്യാനുകള്‍ വാങ്ങി ആദ്യ പരീക്ഷണം. അക്രമികളായ കുരങ്ങന്‍മാര്‍ അതോടെ തോട്ടത്തില്‍ നിന്നും ആദ്യം മാറി. എന്നാല്‍ കാട്ടുപന്നിയും പോത്തും കാര്യമായി പിന്‍മാറിയില്ല. തുടര്‍ച്ചയായി 15 ദിവസം ഇടവിട്ട് തളിച്ചതോടെ പത്മനാഭന്‍റെ തോട്ടത്തില്‍ നിന്നും വന്യജീവികള്‍ പതിയെ മാറാന്‍ തുടങ്ങി. വന്യജീവികള്‍ കൃഷിയിടത്തില്‍ കടക്കാതിരിക്കാന്‍ വിവിധ സസ്യങ്ങളുടെ ചാറുകള്‍ സംയോജിപ്പിച്ചാണ് ഹെര്‍ബോലിവിന്‍റെ ഉത്പാദനം.
ചെടികളുടെ ചുവടുമുതല്‍ മുകള്‍ ഭാഗം വരെ ഇലകള്‍ക്കടിയിലും ഇലകള്‍ക്ക് പുറത്തും ലായനി തളിക്കണം. എന്നാല്‍ ഫലം ഉറപ്പ്. 50 ലിറ്റര്‍ വരുന്ന ഒരു ക്യാന്‍ ഹെര്‍ബോലിവിന് 5000 രൂപയാണ് വില. 450 ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ചാണ് തളിക്കേണ്ടത്. ഇതിനായി മിസ്‌റ്റ് ബ്ലോര്‍ ഉപയോഗിക്കണം. മുഖം മൂടിയില്ലാതെ തന്നെ ഹെര്‍ബോലിവ് തളിക്കാം. ബ്ലോര്‍ ഉപയോഗിച്ചാല്‍ 30 അടി വരെ ഉയരത്തില്‍ മഞ്ഞുപോലെ ലായനി പടരും.
തോട്ടം മുഴുവന്‍ ഹെര്‍ബോലിവ് തളിച്ചാല്‍ വന്യജീവികള്‍ അവരുടെ സഞ്ചാര പഥം തന്നെ മാറ്റുമെന്നാണ് പത്മനാഭന്‍റെ അനുഭവത്തിലൂടെ വ്യക്തമാവുന്നത്. സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ഹെര്‍ബോലിവ് പ്രാവര്‍ത്തികമാക്കിയാല്‍ വന്യജീവികളെ കൊല്ലാതെ തന്നെ കൃഷി സംപുഷ്‌ടമാക്കാമെന്നാണ് പത്മനാഭന്‍ പറയുന്നത്.